Social Media - 2024

"കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ": ജോസഫ് അന്നംകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകന്‍ 23-10-2018 - Tuesday

കൊച്ചി: മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധപിടിച്ച് പറ്റിയ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്, യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എഴുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ എന്നു പഠിപ്പിച്ചതിന് കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ' എന്നെഴുതിയ ചിത്രത്തോട് കൂടിയാണ് ജോസഫ് അന്നംകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യേശുവിലേക്ക് അനേകരെ കൂട്ടിക്കൊണ്ടു പോകാന്‍ ഉതകുന്ന ചിന്താശകലത്തില്‍ മനോഹരമായ വിധത്തിലാണ് അവിടുത്തെ ത്യാഗത്തെയും മാനവ വംശത്തോടുള്ള സ്നേഹത്തെയും പ്രതിപാദിച്ചിരിക്കുന്നത്.

വലത്തു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്നു പറഞ്ഞ, വ്യഭിചാരത്തിന് പിടിക്കപ്പെട്ടു കല്ലേറ് കൊണ്ട് രക്തത്തിൽ കുളിച്ചു കാൽക്കൽ വീണ സ്ത്രീയെ സ്നേഹം കൊണ്ട് സംരക്ഷിച്ച, മൂന്നു വർഷം കൂടെ കൊണ്ടുനടന്നിട്ടും പറ്റിച്ചിട്ടു പോയ യൂദാസിന് അത്താഴം വിളമ്പിയ, ഒരു തെറ്റുപോലും ചെയ്യാതിരുന്നിട്ടും കരണത്തടിയേറ്റുവാങ്ങിയ, ഒരു വാക്കുപോലും മറുത്തു പറയാതെ തല കുനിച്ചു നിശബ്ദമായി സഹിച്ചും, ചത്തൊന്നറിയാൻ കുന്തം കൊണ്ടു കുത്തിനോക്കിയ ഒറ്റകണ്ണൻ പടയാളിക്കും നെഞ്ചിൽ നിന്ന് പൊടിഞ്ഞ ചോരകൊണ്ടു കാഴ്ചകൊടുത്തും, കൈകൾ വിരിച്ചു കടന്നുപോയ ക്രിസ്തുവാണ് മോട്ടിവേഷൻ എന്നു ജോസഫ് അന്നംകുട്ടി കുറിച്ചു. നിന്നെ കുറിച്ച് എഴുതുമ്പോൾ വരെ എന്റെ കണ്ണു നിറയുന്നുവല്ലോയെന്ന ആത്മഗതത്തോടെയും വീഴാതെ കാക്കണമേയെന്ന അപേക്ഷയോടെയുമാണ് അദ്ദേഹത്തിന്റെ പോസ്റ്റു അവസാനിക്കുന്നത്. ആയിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Posted by Pravachaka Sabdam on 

Related Articles »