News - 2024

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 23-10-2018 - Tuesday

വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ പരിശുദ്ധ കത്തോലിക്ക സഭയെ നയിച്ചു നിത്യതയിലേക്ക് യാത്രയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 22 തിങ്കളാഴ്ച വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയില്‍ നിന്നും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പ 10 മിനിറ്റു നേരമാണ് പ്രാര്‍ത്ഥനയില്‍ വ്യാപൃതനായത്. ബസിലിക്കയുടെ വലതുഭാഗത്ത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ ചെറിയ അള്‍ത്താരയുടെ താഴെയാണ് വിശുദ്ധന്റെ ഭൗതികശേഷിപ്പു അടക്കം ചെയ്തിരിക്കുന്നത്.

സാധാരണഗതിയില്‍ വിശുദ്ധരുടെ തിരുനാളുകള്‍ അവരുടെ ചരമദിനത്തിലാണ് പതിവായി അനുസ്മരിക്കാറുള്ളതെങ്കിലും, തന്‍റെ മുന്‍ഗാമിയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ ഫ്രാന്‍സിസ് പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്ഥാനാരോഹണദിനമായ ഒക്ടോബര്‍ 22-നാണ് അനുസ്മരണ ദിനമായി പ്രഖ്യാപിച്ചത്. 1978 ഒക്ടോബര്‍ 22നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ആഗോള സഭയുടെ സ്ഥാനമേറ്റത്. 2014 ഏപ്രില്‍ 27-നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.


Related Articles »