News - 2024

അപവാദങ്ങളുടെ പേരില്‍ കത്തോലിക്ക സഭയുടെ നന്മ മറക്കുന്നത് ഖേദകരം: നിക്കി ഹേലി

സ്വന്തം ലേഖകന്‍ 24-10-2018 - Wednesday

ന്യൂയോര്‍ക്ക് സിറ്റി: കത്തോലിക്കാ സഭ ആഗോള തലത്തില്‍ ചെയ്തു വരുന്ന നന്മ പ്രവര്‍ത്തികളെ ചില അപവാദങ്ങളുടെ പേരില്‍ മറക്കുന്നത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും മുന്‍ സൗത്ത് കരോലിന ഗവര്‍ണ്ണറുമായിരുന്ന നിക്കി ഹേലി. ആല്‍ഫ്രഡ്‌ ഇ. സ്മിത്ത് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക അത്താഴവിരുന്നിലാണ് സഭ ചെയ്തുകൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങളെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്. സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളേയും, വിദ്യാഭ്യാസ രംഗത്തേയും, ആരോഗ്യ രംഗത്തേയും പ്രവര്‍ത്തനങ്ങളെ “ദിവസംതോറുമുള്ള അത്ഭുതങ്ങള്‍” എന്നാണ് ഹേലി വിശേഷിപ്പിച്ചത്.

ഈ അത്ഭുതങ്ങളാണ് സഭയുടെ മാര്‍ഗ്ഗം. സമീപകാലങ്ങളില്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗീക ആരോപണങ്ങള്‍ക്കെതിരെ നടപടിയെടുത്തതും കാരുണ്യ പ്രവര്‍ത്തികള്‍ വ്യാപിപ്പിച്ചതും അഭിനന്ദനാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊളംബിയയുടെയും, വെനിസ്വലയുടേയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി മൂന്ന് മണിക്കൂറോളം ചുട്ടുപൊള്ളുന്ന വെയിലില്‍ നടക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതും പതിവാക്കിയ മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ അനീതികള്‍ക്കെതിരെ പോരാടുവാന്‍ മുന്നില്‍ നില്‍ക്കുന്നതും കത്തോലിക്കാ സഭയാണെന്ന് നിക്കി ഹേലി പറഞ്ഞു.

ലൈംഗീക അപവാദങ്ങള്‍ സഭയില്‍ മാത്രമല്ല അമേരിക്കന്‍ കുടുംബങ്ങളിലും സംഭവിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എങ്കിലും പീഡനങ്ങള്‍ക്കിരയായവര്‍ക്കൊപ്പമാണ് സഭ നിലകൊള്ളേണ്ടതെന്ന് ഹേലി ഓര്‍മ്മിപ്പിച്ചു. വര്‍ഷാവസാനം താന്‍ ഐക്യരാഷ്ട്ര സഭ അംബാസഡര്‍ പദവിയില്‍ നിന്നും രാജിവെക്കുമെന്ന് ഹേലി പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. അമേരിക്കയിലെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളിലൊന്ന് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത കത്തോലിക്കനാണ് ആല്‍ഫ്രഡ്‌ ഇ. സ്മിത്ത്.

വര്‍ണ്ണ, വര്‍ഗ്ഗ, വംശ വ്യത്യാസമില്ലാതെ ന്യൂയോര്‍ക്ക് അതിരൂപതയിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനു വേണ്ട ധനസമാഹരണത്തിനായി സ്മിത്ത് ഫൗണ്ടേഷന്‍ വര്‍ഷംതോറും അത്താഴവിരുന്ന് സംഘടിപ്പിക്കാറുണ്ട്. മുന്‍കാലങ്ങളിലെ അത്താഴ വിരുന്നില്‍ പ്രമുഖരായ പലരും പങ്കെടുത്തിട്ടുണ്ട്. ഇത്തവണത്തെ അത്താഴവിരുന്നിലൂടെ 40,00,000 ഡോളറിനടുത്ത് സമാഹരിക്കുവാന്‍ ഫൗണ്ടേഷന് കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Related Articles »