India - 2024

സീറോ മലബാര്‍ സഭയില്‍ വേദപാഠ ക്ലാസുകള്‍ ഇനി സ്മാര്‍ട്ടാകും

സ്വന്തം ലേഖകന്‍ 25-10-2018 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വിശ്വാസ പരിശീലന ക്ലാസുകളും പാഠ്യപദ്ധതിയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കുന്നതിനായി സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയും വെബ് പോര്‍ട്ടലും തയാറായി. സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷനാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു രൂപം നല്‍കിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് വെബ് പോര്‍ട്ടല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇനി www.syromalabarcatechesis.org എന്ന വെബ്‌പോര്‍ട്ടലിലൂടെ ലഭിക്കും. ക്ലാസിന്റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ (പിപിടി), അധ്യാപക സഹായി എന്നിവയും വെബ് പോര്‍ട്ടലിലുണ്ട്. മൂന്നു ഭാഷകളിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികളുടെ വിശ്വാസ, വ്യക്തിത്വ വളര്‍ച്ചയ്ക്കു പ്രചോദനമാകുന്ന ജീവചരിത്രങ്ങള്‍, കഥകള്‍, വീഡിയോകള്‍ എന്നിവ ഓരോ ക്ലാസിലെയും പോര്‍ട്ടലില്‍ ഉണ്ടാകും.

അനുദിനവിശുദ്ധര്‍, പ്രചോദനാത്മക കഥകള്‍, ഹ്രസ്വചിത്രങ്ങള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്ററികള്‍, ചെറിയ വേദോപദേശം, ബൈബിള്‍, വിശ്വാസപരിശീലനത്തെ സഹായിക്കുന്ന വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും സ്മാര്‍ട്ട് കാറ്റക്കിസം പോര്‍ട്ടലില്‍ കാണാനാകും. ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഓപ്ക്ഷനും വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സ്മാര്‍ട്ട് കാറ്റക്കിസം വെബ്‌പോര്‍ട്ടലില്‍ നിന്നുള്ള പഠനസഹായികളും മറ്റും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

ഇന്ത്യയിലും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലും മറ്റു കേന്ദ്രങ്ങളിലുമായി നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്നുണ്ട്. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലും ഇതിനകം പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.


Related Articles »