News - 2024

2019 യുവജന വർഷമായി ആചരിക്കുവാന്‍ ഫിലിപ്പീന്‍സ് സഭ

സ്വന്തം ലേഖകന്‍ 28-10-2018 - Sunday

മനില: ഫിലിപ്പീൻസിൽ അടുത്ത വര്‍ഷം യുവജന വർഷമായി ആചരിക്കുവാന്‍ സഭാനേതൃത്വം തീരുമാനിച്ചു. വത്തിക്കാനിൽ നടക്കുന്ന മെത്രാൻ സിനഡിനോടനുബന്ധിച്ച് ഫിലിപ്പീൻസ് എപ്പിസ്കോപ്പൽ സമിതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ ഇരുപത്തിയഞ്ചിന് ആചരിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്വ തിരുന്നാളിനോടനുബന്ധിച്ച് യുവജന വർഷത്തിന് ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ഡിസംബർ രണ്ടിന് മനിലയിൽ നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ പങ്കെടുക്കാൻ 86 രൂപതകളില്‍ നിന്നുള്ള യുവജന മിനിസ്റ്ററി നേതാക്കന്മാരെയും ദേശീയ യുവജന സംഘടനകളയും ക്ഷണിച്ചിട്ടുണ്ട്. യുവജന വർഷത്തോടനുബന്ധിച്ച് ഔദ്യോഗിക ചിഹ്നവും ഗാനവും പുറത്തിറക്കാൻ പദ്ധതിയുണ്ട്.

ദൈവസ്നേഹം അനുഭവിക്കാനും പങ്കുവെയ്ക്കാനും പ്രഖ്യാപിക്കാനും യുവജന വർഷാചരണം ഉപകരിക്കുംമെന്നും യുവജനങ്ങൾ വിശ്വാസത്തിൽ ആഴപ്പെടാൻ ഇതുവഴി ഇടവരട്ടെയെന്നും യുവജന ആനിമേറ്റർ ജൊവയിൻ ബക്കോൽക്കൽ പറഞ്ഞു. 2021 ൽ ഫിലിപ്പീൻ സുവിശേഷവത്കരണത്തിന്റെ അഞ്ഞൂറാം വാർഷികം ആഘോഷിക്കാനിരിക്കെ ഓരോ വര്‍ഷവും ഓരോ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ആചരണം. 2018 സമര്‍പ്പിത വര്‍ഷമായാണ് ഫിലിപ്പീന്‍സ് സഭ ആചരിക്കുന്നത്. സ്പാനിഷ് മിഷ്ണറിമാരാണ് ഫിലിപ്പീൻസിൽ ക്രൈസ്തവ വിശ്വാസത്തിന് തുടക്കം കുറിച്ചത്. രാജ്യത്തെ നൂറ്റിപ്പത്ത് ദശലക്ഷം വരുന്ന ജനസംഖ്യയിൽ എൺപത് ശതമാനവും കത്തോലിക്ക വിശ്വാസികളാണ്.


Related Articles »