India - 2024

കുമ്പസാരത്തെ നിന്ദിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ജാഗ്രതാസമിതി

സ്വന്തം ലേഖകന്‍ 29-10-2018 - Monday

ചങ്ങനാശ്ശേരി: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളീ മാസികയിലൂടെ ക്രൈസ്തവര്‍ പരിപാവനമായി കാണുന്ന കുമ്പസാരത്തെ നിന്ദിച്ചുള്ള പരമാര്‍ശം നടത്തിയത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി. സംസ്ഥാനത്ത് സ്‌കൂളുകളിലെ എന്‍.എസ്.എസ്. വോളന്റീയര്‍സിനിടയില്‍ വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണത്തില്‍ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരണം വേദിയാകുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുമെന്നും സമിതി വിലയിരുത്തി.

കുമ്പസാരത്തെ നിന്ദിച്ചുകൊണ്ട് പുറത്തിറങ്ങിയ മാസിക പിന്‍വലിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ വിശ്വാസസമൂഹത്തോട് മാപ്പ് പറയണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അതിരൂപതാ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.


Related Articles »