India - 2024

കുമ്പസാരത്തെ അവഹേളിച്ചുള്ള സര്‍ക്കാര്‍ മാസികയിലെ പരാമര്‍ശം മതസ്വാതന്ത്ര്യ ലംഘനം: കെ‌സി‌ബി‌സി ജാഗ്രതാ സമിതി

സ്വന്തം ലേഖകന്‍ 30-10-2018 - Tuesday

കൊച്ചി: പരിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചു കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയില്‍ വന്ന പരാമര്‍ശം മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ ലംഘനവുമാണെന്നും മതസ്വാതന്ത്ര്യത്തിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി ഐക്യജാഗ്രതാ സമിതി. സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തില്‍ നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും ക്രൈസ്തവ സ്ത്രീകളെയും കന്യാസ്ത്രീകളെയും അവഹേളിക്കുന്നതും പുതുതലമുറയില്‍ മതനിരാസം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമവുമാണെന്നു ഐക്യജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി.

മതസ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിദ്യാര്‍ഥികളില്‍ മതവിരുദ്ധ ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നത് അപലപനീയമാണ്. മാസങ്ങള്‍ക്കുമുന്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരേ പ്രതികരിച്ച ഇടതു നേതാക്കള്‍ ഇത്തരത്തിലുള്ള ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് പല തലങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിട്ടും ഇതുവരെ ഒരു നിലപാടും വ്യക്തമാക്കാത്തത് ദുരൂഹമാണ്.

വിജ്ഞാന കൈരളി മാസിക സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ നിലപാടിനെയാണോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വിശ്വാസീസമൂഹം അതീവ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.


Related Articles »