News - 2024

നൈജീരിയയിൽ അഞ്ച് സന്യസ്ഥരെ തട്ടിക്കൊണ്ട് പോയി

സ്വന്തം ലേഖകന്‍ 30-10-2018 - Tuesday

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും അഞ്ച് കന്യാസ്ത്രീകളെ തട്ടികൊണ്ട് പോയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ഡെല്‍റ്റ സംസ്ഥാനത്ത് നടന്ന സംഭവം നൈജീരിയന്‍ പ്രാദേശിക മാധ്യമങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. മിഷ്ണറി ഓഫ് മർത്ത ആൻഡ് മേരി സഭാംഗങ്ങളായ സന്യസ്ഥർ ഒരു സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയിലാണ് അക്രമം നടന്നത്. ആയുധധാരികളായ അക്രമികള്‍ വാഹനത്തിന് നേരെ വെടിയുതിർത്തു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരിന്നു. വെടിവെയ്പ്പിൽ രണ്ട് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. ശേഷിക്കുന്നവരുമായി അക്രമികള്‍ കടന്നുകളയുകയായിരിന്നു.

കാണാതായിരിക്കുന്ന സിസ്റ്റേഴ്സിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇസെലെ ഉകു രൂപതാംഗമായ വൈദികന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഈ വർഷം നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്ത് നിന്നും മാത്രം അഞ്ച് വൈദികരെയാണ് അജ്ഞാതരായ അക്രമികള്‍ തട്ടികൊണ്ട് പോയിരിക്കുന്നത്. ബൊക്കോ ഹറാം തീവ്രവാദികള്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന നൈജീരിയായില്‍ കുറെനാളുകളായി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വലിയതോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.


Related Articles »