Youth Zone - 2024

സിനഡിന്റെ ശ്രദ്ധയാകര്‍ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ചൈനീസ് യുവതിയുടെ സാക്ഷ്യം

സ്വന്തം ലേഖകന്‍ 31-10-2018 - Wednesday

റോം/ ബെയ്ജിംഗ്: “കത്തോലിക്ക വിശ്വാസം സത്യമാണ്. കത്തോലിക്കാ വിശ്വാസം നല്ല ദൈവശാസ്ത്രം മാത്രമല്ല, സത്യമായ ദൈവശാസ്ത്രം കൂടിയാണ്”. റോമില്‍ നടന്ന മെത്രാന്മാരുടെ യുവജന സിനഡിനോടനുബന്ധിച്ച് ‘നോട്ര ഡാം സെന്റര്‍ ഫോര്‍ എത്തിക്സ് ആന്‍ഡ്‌ കള്‍ച്ചര്‍’ സംഘടിപ്പിച്ച പരിപാടിയില്‍ ചൈനീസ് യുവതി വെന്‍ഷുവാന്‍ പറഞ്ഞ വാക്കുകളാണിത്. സിനഡ് അംഗങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചാണ് വെന്‍ഷുവാന്‍ യുവാന്‍ തന്റെ അനുഭവം പങ്കുവച്ചത്. ജന്മം കൊണ്ട് ദൈവ വിശ്വാസിയല്ലായിരിന്നു അവള്‍. എന്നാല്‍ ഒരു കത്തോലിക്കാ ദേവാലയത്തിന്റെ മുറ്റത്ത് എഴുതിവെച്ചിരുന്ന ബൈബിള്‍ വാക്യം അവളുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരിന്നു.

“ഭയപ്പെടേണ്ട, ഞാനാണ് ആദിയും, അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു”. ഈ ഒറ്റ ബൈബിള്‍ വാക്യമാണ് തന്നെ കത്തോലിക്കാ വിശ്വാസവുമായി അടുപ്പിച്ചതെന്ന് യുവാന്‍ പറഞ്ഞു. ആരംഭഘട്ടത്തില്‍ യുവാന് ആ വാക്കുകളുടെ പ്രാധാന്യം മനസ്സിലായില്ലെങ്കിലും, അവള്‍ അതിനെക്കുറിച്ച് ആഴമായി ചിന്തിക്കുകയായിരിന്നു. വീണ്ടും, വീണ്ടും ആ ദേവാലയം അവള്‍ സന്ദര്‍ശിച്ചു. ഒടുവില്‍ തന്റെ പതിനാലാമത്തെ വയസ്സിലാണ് യുവാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കണമെന്ന തീരുമാനമെടുത്തത്.

തിരുസഭയില്‍ അംഗമായ ദിവസം, അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്വാതന്ത്ര്യം തനിക്ക് ലഭിച്ചതായി തോന്നിയെന്ന് യുവാന്‍ പറയുന്നു. പിന്നീട് കോളേജ് ജീവിതത്തില്‍ പ്രവേശിച്ചപ്പോള്‍ എല്ലാ വാരാന്ത്യങ്ങളിലും തന്റെ സുഹൃത്തുക്കളെ കൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിക്കുവാന്‍ ശ്രമിച്ചിരുന്നുവെന്നും യുവാന്‍ വെളിപ്പെടുത്തി. ആദ്യമായി സുവിശേഷം കേട്ടപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ പ്രതികരണം 'ഇത് മനോഹരമായിരിക്കുന്നു' എന്നായിരുന്നു. പിന്നീടവര്‍ പറഞ്ഞത് “ഇത് ഞെട്ടിപ്പിക്കുന്നതാണ്” എന്നായിരുന്നു. 'നീ ഭ്രാന്തന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നു' എന്ന് പറഞ്ഞവരും ഉണ്ടായിരുന്നുവെന്നു യുവാന്‍ ഓര്‍മ്മിക്കുന്നു.

തന്റെ കോളേജ് സുഹൃത്തുക്കളില്‍ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത നിരവധി പേര്‍ ഉണ്ടായിരുന്നുവെന്നു യുവാന്‍ പറയുന്നു. നോട്രെ ഡെയിം യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് യുവാന്‍ ഇപ്പോള്‍. ചരിത്രത്തിലാദ്യമായി ചൈനയില്‍ നിന്നും രണ്ടു മെത്രാന്മാര്‍ യുവജന സിനഡില്‍ പങ്കെടുത്തിരിന്നു. ഇതിനുപുറമേ ചൈനയില്‍ നിന്നുള്ള ടെറസീന ചെങ്ങ് എന്ന കന്യാസ്ത്രീക്കു ഒപ്പമാണ് വെന്‍ഷുവാന്‍ യുവാനും എത്തിയത്.

More Archives >>

Page 1 of 3