News - 2024

ബൈബിള്‍ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരും: ബ്രസീലിന്റെ പുതിയ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 31-10-2018 - Wednesday

റിയോ ഡി ജെനീറോ: ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിക്കുകയായിരിന്നു അദ്ദേഹം. “ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്‍ക്കും മുകളില്‍” എന്ന് പറഞ്ഞുകൊണ്ട് ബ്രസീലിലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം 55% വോട്ടോട് കൂടിയാണ് വിജയ തീരത്തു എത്തിയത്. കത്തോലിക്കാ വിശ്വാസിയാണ് ബോള്‍സൊണാരോ. കഴിഞ്ഞ 13 വര്‍ഷമായി അധികാരത്തിലിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ (വര്‍ക്കേഴ്സ് പാര്‍ട്ടി) യാണ് ബോള്‍സൊണാരോ തൂത്തെറിഞ്ഞത്.

ബോള്‍സൊണാരോയുടെ എതിരാളിയായ ഫെര്‍ണാണ്ടോ ഹദ്ദാദിന് 44% വോട്ട് മാത്രമാണ് ലഭിച്ചത്. ബ്രസീലിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ ശക്തമായ പിന്തുണയോടെയാണ് ബോള്‍സൊണാരോ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒക്ടോബര്‍ 28 ഞായറാഴ്ച രാത്രി നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പിനു ശേഷം ബോള്‍സൊണാരോ ഫേസ്ബുക്ക് ലൈവിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമിയുടെ കയ്യില്‍ നിന്നും മര്‍ദ്ദനമേറ്റ് ചികിത്സയിലായതിനെ പരാമര്‍ശിച്ച അദ്ദേഹം ഡോക്ടര്‍മാരുടെയും, മെഡിക്കല്‍ സ്റ്റാഫിലൂടെയും അത്ഭുതം പ്രവര്‍ത്തിച്ച ദൈവമേ അങ്ങേക്ക് നന്ദിയെന്നും പറഞ്ഞു.

ബൈബിളും, ബ്രസീലിന്റെ ഭരണഘടനയും മേശയില്‍വച്ചാണ് ബോള്‍സൊണാരോ ജനങ്ങളെ അഭിസംബോധന ചെയ്തത്. ക്രിസ്ത്യന്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബോള്‍സൊണാരോയുടെ വിജയത്തെ ദൈവത്തിന്റെ മറുപടിയായിട്ടാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ വിശേഷിപ്പിക്കുന്നത്. പൊതു തിരഞ്ഞെടുപ്പില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് ബ്രസീലിലെ ക്രിസ്ത്യന്‍ സഭകള്‍ വഹിച്ചത്. നിരവധി മെത്രാന്മാരും, വചനപ്രഘോഷകരും അജപാലക മിനിസ്ട്രി നേതാക്കളും ബോള്‍സൊണാരോയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിന്നു.

Posted by Pravachaka Sabdam on 

Related Articles »