News

ഈജിപ്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണം; ഏഴു വിശ്വാസികള്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 03-11-2018 - Saturday

കെയ്‌റോ: ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ ബസിനു നേര്‍ക്കു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെ മിന്യായിലെ സെന്റ് സാമുവല്‍ കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേക്കു തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരേ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടന്നാണ് പുറത്തുവരുന്ന വിവരം. 14 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെന്നാണ് വിലയിരുത്തല്‍.

ഇതിനു മുന്‍പും സെന്റ് സാമുവല്‍ ആശ്രമത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2017 മേയില്‍ തീര്‍ത്ഥാടകരുടെ ബസിനു നേര്‍ക്കു നടന്ന ഭീകരാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിരിന്നു. അന്ന് ആക്രമണം നടന്ന അതേസ്ഥലത്ത് തന്നെയാണ് ഇന്നലെയും ആക്രമണമുണ്ടായത്. 96 ദശലക്ഷത്തോളം വരുന്ന ഈജിപ്തിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക്‌ ക്രിസ്ത്യാനികളും, പത്തുലക്ഷത്തോളം പേര്‍ ഇവാഞ്ചലിക്കല്‍ സഭകളിലുമുള്ളവരാണ്. ന്യൂനപക്ഷ സമൂഹത്തിന് നേരേ നിരവധി തവണ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

ഇസ്ലാമിക്‌ സ്റ്റേറ്റ്സ് അടക്കമുള്ള മുസ്ലിം തീവ്രവാദ സംഘടനകള്‍ ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിടുമ്പോഴും ബോംബിനും മരണത്തിനും കീഴടക്കാനാവാത്ത വിശ്വാസ വളര്‍ച്ചയുമായാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം മുന്നോട്ട് പോകുന്നത്. ഭീഷണി രൂക്ഷമാണെങ്കിലും ദേവാലയങ്ങളില്‍ വിശ്വാസികളുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈജിപ്തിലെ വിശ്വാസികളുടെ സാക്ഷ്യം. ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവുമധികം പീഡനമേല്‍ക്കേണ്ടിവന്നത്.


Related Articles »