India - 2024

തീരുമാനങ്ങളെടുക്കുന്നതിലും അല്‍മായ പങ്കാളിത്തം ഉറപ്പാക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

സ്വന്തം ലേഖകന്‍ 03-11-2018 - Saturday

കൊച്ചി: സഭാപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകളില്‍ മാത്രമല്ല, തീരുമാനങ്ങളെടുക്കുന്നതിലും അല്മായ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ അല്‍മായ നേതൃസമ്മേളനവും സിബിസിഐ അല്‍മായ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ. വി.സി. സെബാസ്റ്റ്യനു സ്വീകരണവും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ ശുശ്രൂഷകള്‍ക്ക് ഉണര്‍വും ചൈതന്യവും പകരാന്‍ അല്‍മായ നേതാക്കള്‍ക്കു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യോഗത്തില്‍ സിബിസിഐ അല്‍മായ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ. വി.സി. സെബാസ്റ്റ്യനെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാരതസഭയുടെ അല്‍മായ മുന്നേറ്റങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. ഷെവലിയര്‍ പദവി ലഭിച്ച എഡ്വേര്‍ഡ് എടേഴത്ത്, കെസിബിസി പ്രോലൈഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബു ജോസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഷെവ. സിബി വാണിയപ്പുരക്കല്‍, അല്‍ഫോന്‍സ് പെരേര, ചാര്‍ളി പോള്‍, ഡോ. കൊച്ചുറാണി ജോസഫ്, പി.പി. ജോസഫ്, സെബാസ്റ്റ്യന്‍ വടശേരി, വി.എ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »