India - 2024

സഭയ്ക്കു ശക്തിപകരേണ്ടതു യുവജനങ്ങള്‍: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 05-11-2018 - Monday

തൃശൂര്‍: സഭയ്ക്ക് ശക്തിപകരേണ്ടതു യുവജനങ്ങളാണെന്നും യുവജനങ്ങളെ നിരീശ്വരവാദികളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഡിബിസിഎല്‍സിയില്‍ കെസിവൈഎം തൃശൂര്‍ അതിരൂപതാ യുവജനദിനാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയെ മൂടിവച്ച് സമൂഹത്തില്‍ തിന്മയെ ഉയര്‍ത്തിക്കാട്ടുന്ന മാധ്യമങ്ങളാണ് ഇന്നുള്ളത്. കുമ്പസാരവും മെത്രാന്‍ വിഷയങ്ങളും മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ കത്തോലിക്കാ സഭ ചെയ്ത നന്മകള്‍ മറച്ചുവച്ചുവെന്നും ഇതിനു മാറ്റംവരുത്താന്‍ യുവജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിനു യുവജനങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ വിശ്വാസ സംരക്ഷണത്തെ ആസ്പദമാക്കി ഫ്‌ലാഷ് മോബും വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും അരങ്ങേറി. 'വിശ്വാസവും വിളി സംബന്ധമായ വിവേചിച്ചറിയലും' എന്ന ആപ്ത വാക്യവുമായാണ് കെസിവൈഎം ഇത്തണ യുവജന ദിനാഘോഷം സംഘടിപ്പിച്ചത്. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ യുവജന ദിവ്യബലി അര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലാങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കരോളി ജോഷ്വാ അധ്യക്ഷയായി. ഫാ. റോയ് കണ്ണന്‍ചിറ യുവജന സെമിനാര്‍ നയിച്ചു. സാവിയോ ജോണി, സെനി സേവ്യര്‍ എന്നിവര്‍ പ്രതിനിധി സമ്മേളനത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് അതിരൂപതയിലെ 12 ഫൊറോനകളുടെ സെനറ്റ് റിപ്പോര്‍ട്ടിന് തൃശൂര്‍ അതിരൂപത സമിതി അംഗീകാരം നല്‍കി.


Related Articles »