News - 2024

കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടമാകും: മുന്നറിയിപ്പുമായി പോളിഷ് മെത്രാന്മാര്‍

സ്വന്തം ലേഖകന്‍ 05-11-2018 - Monday

വാര്‍സോ: പോളണ്ട് തങ്ങളുടെ കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം വീണ്ടും നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍. പോളണ്ട് സ്വതന്ത്രമായതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന് ഒരുക്കമായി തയാറാക്കിയ അജപാലക ലേഖനത്തിലാണ് പരാമര്‍ശം. രാഷ്ട്രസ്നേഹം ദൈവീകമായ ഒരു കല്‍പ്പനയാണെന്നും, നിസ്വാര്‍ത്ഥതയും, സേവനമനോഭാവവും, പൊതുനന്മക്ക് വേണ്ടിയുള്ള സമര്‍പ്പണവും വഴി രാഷ്ട്രത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ കഴിയുമെന്നും അജപാലന ലേഖനത്തില്‍ പറയുന്നു.

സായുധ പോരാട്ടങ്ങളും, രാഷ്ട്രീയവും, നയതന്ത്രപരവുമായ ശ്രമങ്ങളും മാത്രം പോര സ്വാതന്ത്ര്യം ലഭിക്കുവാന്‍. ഉറച്ച വിശ്വാസവും പ്രാര്‍ത്ഥനയും അതിനു ആവശ്യമാണ്. രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഏറ്റവും ഭീഷണിയായിട്ടുള്ള കാര്യം പോളണ്ടിനെ നയിച്ചു കൊണ്ടിരിക്കുന്ന കത്തോലിക്കാ വിശ്വാസത്തിന്റേയും, ക്രിസ്തീയ തത്വങ്ങളുടേയും ഉപേക്ഷയാണെന്നും, വിശ്വാസത്തില്‍ നിന്നുള്ള വ്യതിയാനം കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രത്തെ നാശത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും മെത്രാന്മാരുടെ ലേഖനത്തില്‍ വ്യക്തമാക്കി. പോളണ്ട് നേരിടുന്ന വെല്ലുവിളികളും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയും, വ്യക്തിപരവും, സംഘടനാപരവുമായ ചിന്തകളും, പൊതുനന്മക്ക് വേണ്ടിയുള്ള ആഗ്രഹമില്ലായ്മയും, വിശ്വാസരാഹിത്യവും, രാഷ്ട്ര പാരമ്പര്യത്തോടുള്ള താല്‍പ്പര്യമില്ലായ്മയുമാണ്‌ പോളണ്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പോരായ്മയെന്ന്‍ മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 1918 നവംബറിലാണ് പോളണ്ട് ഒരു രാഷ്ട്രമായി മാറുന്നത്. ഇന്ന്‍ കത്തോലിക്ക വിശ്വാസം ഏറ്റവും ഉയര്‍ത്തിപ്പിടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ട്.


Related Articles »