News - 2024

ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ ദുഃഖമറിയിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 05-11-2018 - Monday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ദുഃഖമറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നടന്ന ത്രികാല പ്രാര്‍ത്ഥന മധ്യേയാണ് പാപ്പ തന്റെ ദുഃഖം പങ്കുവച്ചത്. ക്രിസ്ത്യാനിയായതിന്റെ പേരില്‍ കൊല്ലപ്പെട്ട ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ കന്യകാമറിയം അവരുടെ വേദനകളെ ഏറ്റെടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നതായും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ രണ്ടാം തീയതി കെയ്‌റോയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെ മിന്യായിലെ സെന്റ് സാമുവല്‍ കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേക്കു തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരേ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഡ്രൈവറെ കൂടാതെ ഏഴോളം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്കു പരിക്കേറ്റു. അക്രമത്തിനു കാരണക്കാരായ 19 പ്രതികളെ കണ്ടെത്തി ഭരണകൂടം വധിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.


Related Articles »