News - 2024

“അവര്‍ എന്നെ കൊന്നോട്ടെ, എന്നാലും മാതാവിന്റെ ചിത്രം മാറ്റില്ല”: പതറാത്ത വിശ്വാസവുമായി എണ്‍പത്തിയഞ്ചുകാരി

സ്വന്തം ലേഖകന്‍ 05-11-2018 - Monday

ബ്രാഡെന്റന്‍, യുഎസ്എ: തന്റെ ഭവനത്തിന്റെ ജനാലയില്‍ പതിപ്പിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രം മാറ്റുന്നതിന് പകരം താന്‍ മരിക്കുവാന്‍ തയ്യാറാണെന്ന ഉറച്ച നിലപാടുമായി ഫ്ലോറിഡയിലെ ബ്രാഡെന്റന്‍ സ്വദേശിനി. മില്ലി ഫ്രാന്‍സിസ് എന്ന എണ്‍പത്തിയഞ്ചുകാരിയാണ് പരിശുദ്ധ കന്യകാമാതാവിന് വേണ്ടി പ്രോപ്പര്‍ട്ടി മാനേജ്മെന്റുമായി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വാന്‍ഗാര്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റിന്റെ മാനേജരായ ജാനറ്റ് നൊവാകോവ്സ്കിയാണ് ബ്രാഡെന്റന്‍ ട്രോപ്പിക്കല്‍ പാംസ് ട്രെയിലര്‍, മില്ലി ഫ്രാന്‍സിസിന്റെ ഭവനത്തിന്റെ ജനാലയില്‍ പ്ലൈവുഡില്‍ വരച്ചിരിക്കുന്ന ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ മാതാവിന്റെ ചിത്രം നീക്കം ചെയ്യില്ല നിങ്ങള്‍ വേണമെങ്കില്‍ എന്നെ കൊന്നോളു എന്നാണ് മില്ലി പറയുന്നത്. തന്റെ വീടിന്റെ ചില്ലിലൂടെ പാര്‍ക്കിലെ സെക്യൂരിറ്റി രാത്രിയില്‍ ടോര്‍ച്ചടിക്കുന്നതിനാലും, സ്വകാര്യതക്ക് തടസ്സം നേരിടുന്നതിനാലും ജനല്‍ മാറ്റുവാനുള്ള അനുമതിക്കായി മില്ലി അപേക്ഷ നല്‍കുകയായിരിന്നു. മില്ലിക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജനല്‍ മാറ്റിയപ്പോള്‍ ലഭിച്ച പ്ലൈവുഡില്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കെയാണ് ഒരു ദിവസം വിശുദ്ധ കുര്‍ബാനക്കിടയില്‍ മില്ലിക്ക് ഗ്വാഡലൂപ്പ മാതാവിന്റെ പ്രചോദനം ലഭിക്കുന്നത്. പിന്നീട് മില്ലി ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം ജനാലയില്‍ ഒരുക്കുകയായിരിന്നു. ഇത് പാര്‍ക്കുകാരെ ചൊടിപ്പിക്കുകയായിരിന്നു.

ഒക്ടോബര്‍ 31-നുള്ളില്‍ ജനല്‍ മാറ്റുവാനാണ് പാര്‍ക്കിന്റെ ആര്‍ക്കിടെക്ച്വറല്‍ റിവ്യൂ കമ്മിറ്റി മില്ലിക്ക് അനുവാദം നല്‍കിയിരുന്നതെന്നാണ് നൊവാകോവ്സ്കി ആരോപിക്കുന്നത്. അതിനാലാണ് റിവ്യൂ കമ്മിറ്റി ഈ നടപടിക്ക് മുതിര്‍ന്നതെന്നുമാണ് നൊവാകോവ്സ്കി പറയുന്നത്. എന്നാല്‍ ഇതിനെതിരെ മില്ലി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ഡോള്‍ഫിന്‍, മാലാഖമാര്‍ തുടങ്ങിയ ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വീടിനു മുന്നിലെ ചിത്രം മാത്രം നീക്കം ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് മില്ലി ചോദിക്കുന്നത്.

തന്റെ വീടിന്റെ മുന്നില്‍ ബുദ്ധന്റേയോ, മിക്കി മൗസിന്റേയോ ചിത്രമായിരുന്നുവെങ്കില്‍ അവര്‍ക്ക് കുഴപ്പമില്ലായിരുന്നു. പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രമാണ് അവര്‍ക്ക് പ്രശ്നം. താനൊരു കത്തോലിക്കയായതും, തന്റെ വിശ്വാസവുമാണ് അവരുടെ പ്രശ്നമെന്നും മില്ലി കൂട്ടിച്ചേര്‍ത്തു. എന്തായാലും പരിശുദ്ധ അമ്മക്ക് വേണ്ടി ജീവന്‍ ത്യജിച്ചാലും ചിത്രം നീക്കില്ല എന്ന നിലപാടില്‍ തന്നെയാണ് വയോധികയായ ഈ വീട്ടമ്മ.


Related Articles »