News - 2024

ഭാരതത്തിന് ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 06-11-2018 - Tuesday

വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. ആത്മീയ പാരമ്പര്യങ്ങളുള്ള ഭാരതീയര്‍ തിരസ്ക്കരിക്കപ്പെട്ടവരുടെ വേദനയകറ്റാന്‍ സന്മനസ്സോടും സന്തോഷത്തോടും കൂടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നു കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് മിഗുവേല്‍ എയ്ഞ്ചല്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തില്‍ പറയുന്നു. സമൂഹത്തിലെ വയോജനങ്ങളെയും പാവങ്ങളെയും കുടിയേറ്റക്കാരെയും പിന്‍തുണയ്ക്കുക എന്നത് ഹൈന്ദവരും ക്രൈസ്തവരും ഒരുപോലെ കൈകോര്‍ത്തു ചെയ്യാവുന്നതാണെന്ന്‍ സമിതിയുടെ സന്ദേശം ഓര്‍മ്മിപ്പിക്കുന്നു.

മതപരവും സാംസ്ക്കാരികപരവുമായ ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നവരോട് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായി ജീവിക്കുന്ന സ്ത്രീകളെയും കുട്ടികളെയുംകൂടി ചേര്‍ത്താല്‍ ക്ലേശകരമായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ ഭാരതത്തില്‍ ആയിരങ്ങളാണ്. തിരസ്ക്കരിക്കപ്പെടേണ്ടവരെ സഹായിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്ത്വം മതങ്ങള്‍ക്കുണ്ട്.

അതിനാല്‍ വിശ്വാസത്തിന്‍റെ പേരില്‍ നിസംഗരായി മാറിനില്ക്കാതെ ഹൈന്ദവ സഹോദരങ്ങളും ക്രൈസ്തവരും ഒത്തുചേര്‍ന്നാല്‍ സമൂഹത്തിലെ ആത്മീയവും ശാരീരികവുമായ മുറിവുണക്കാന്‍ സാധിക്കും. വ്യത്യാസങ്ങള്‍ മറന്ന് ഒരുമയോടെ എവിടെയും എന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. വീണ്ടും ദീപാവലി ആശംസ നേര്‍ന്നുകൊണ്ടാണ് വത്തിക്കാന്റെ ആശംസ സന്ദേശം അവസാനിക്കുന്നത്.


Related Articles »