News

മിഷ്ണറിമാര്‍ക്ക് വിശ്വാസ ധൈര്യം നല്‍കി സിസ്റ്റര്‍ പട്രീഷ്യ മടങ്ങി

സ്വന്തം ലേഖകന്‍ 06-11-2018 - Tuesday

മനില: ഫിലിപ്പീൻസിൽ കര്‍ഷകര്‍ക്ക് എതിരെയുള്ള ഭരണകൂട നിലപാടില്‍ പ്രതികരിച്ചതിന്റെ പേരില്‍ നീണ്ട നാളുകളായി വിവേചനം നേരിട്ടുകൊണ്ടിരിന്ന ഓസ്ട്രേലിയന്‍ മിഷ്ണറി സിസ്റ്റര്‍ പട്രീഷ്യ ഫോക്സ് സ്വദേശത്തേയ്ക്ക് മടങ്ങി. കത്തോലിക്ക വിശ്വാസത്തെ മുറുകെപ്പിടിച്ചു അനേകായിരങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നേടിയതിന് ശേഷമാണ് സിസ്റ്റര്‍ ഫോക്സ് ഓസ്ട്രേലിയായിലേക്ക് മടങ്ങിയത്. രാജ്യത്തെ സഭാനേതൃത്വം ഇത്തരം അനീതിയ്ക്കെതിരെ ശബ്ദമുയർത്തണമെന്ന് യാത്രക്ക് മുന്‍പ് 'സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍’ കോണ്‍ഗ്രിഗേഷന്‍റെ സുപ്പീരിയര്‍ കൂടിയായിരിന്ന അവര്‍ ഓര്‍മ്മിപ്പിച്ചു.

മനുഷ്യവകാശത്തെ നിരാകരിക്കുന്ന ഫിലിപ്പീൻ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ സഭ പ്രതിഷേധം അറിയിക്കണം. അടിച്ചമർത്തപ്പെട്ടവരോടൊപ്പം സഭ പ്രവർത്തിക്കണം. സഭയുടെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിനും ലോകത്തിനും ഇതാണ് ആവശ്യമെന്ന് ഉറക്കെ പ്രഖ്യാപിക്കണം. മനുഷ്യവകാശ ലംഘനങ്ങൾ നടക്കുമ്പോൾ ക്രൈസ്തവരെന്ന നിലയിൽ നോക്കി നിൽക്കാനാകില്ലന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും സിസ്റ്റര്‍ പട്രീഷ്യ ഏവരെയും ഓര്‍മ്മിപ്പിച്ചു.

സിസ്റ്റര്‍ ഫോക്സിന്റെ അഭാവം ഫിലിപ്പീൻ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് മങ്ങലേല്പിച്ചതായി സഭാനേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. അവർ പ്രഘോഷിക്കുന്ന വിശ്വാസം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്ന് മെത്രാന്‍ സമിതി വക്താവ് ഫാ. ജെറോം സെസിലനോ വ്യക്തമാക്കി. അവരുടെ പ്രവർത്തനങ്ങൾ സഹനങ്ങളിലൂടെ കടന്നുപോകുന്ന രാജ്യത്തെ ജനങ്ങൾക്ക് പ്രതീക്ഷയും ആശ്വാസവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സഭ നേരിടുന്ന വിവേചനത്തിന്റെ ഭാഗമാണ് സിസ്റ്ററിന്റെ വിസ പുതുക്കി നല്‍കാൻ അധികൃതർ വിസമ്മതിച്ചതെന്ന് മനില സഹായമെത്രാൻ ബ്രോഡെറിക്ക് പബില്ലോ പറഞ്ഞു.

സിസ്റ്റര്‍ ഫോക്സിന്റെ മിഷ്ണറി പ്രവർത്തനങ്ങൾ അനേകർക്ക് സഹായകരമായിരുന്നതായും ഇരുപത്തിയേഴ് വർഷത്തോളം ഫിലിപ്പീൻ സമൂഹത്തിൽ പാവപ്പെട്ടവരോടൊപ്പം പ്രവർത്തിച്ച അവരുടെ മാതൃക ഏവര്‍ക്കും പ്രചോദനമാണെന്നും എക്യുമെനിക്കല്‍ സംഘടന പ്രസ്താവിച്ചു.

കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലികളില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ഏപ്രില്‍ 16-നാണ് ഫിലിപ്പീന്‍സ് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 25-ന് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയുടെ മിഷ്ണറി വിസ റദ്ദാക്കുകയും, 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയുമായിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം രാജ്യമെമ്പാടും നടന്നിരിന്നു.


Related Articles »