India - 2024

ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ സുവര്‍ണജൂബിലി ആഘോഷം

സ്വന്തം ലേഖകന്‍ 07-11-2018 - Wednesday

കട്ടപ്പന: സെന്റ് ജോണ്‍ ഓഫ് ഗോഡ് (ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍) പോര്‍ച്ചുഗലില്‍ സ്ഥാപിച്ച ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുക്കം ആരംഭിച്ചു. ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ 18നു ആരംഭിക്കും. അന്നു വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവമാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്കായി 25 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന ഹൗസിംഗ് പ്രൊജക്ടിന്റെ ഉദ്ഘാടനവും 18നു നടക്കും.

നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്കു വിവാഹധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 1969ലാണ് ഹോസ്പിറ്റലര്‍ സഭയുടെ പ്രവര്‍ത്തനം ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹൊയ്‌സറിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആരംഭിച്ചത്. മാര്‍ മാത്യു കാവുകാട്ടു പിതാവിന്റെ ക്ഷണം സ്വീകരിച്ച് 1969ല്‍ ഇന്ത്യലെത്തിയ ബ്രദര്‍ ഫോത്തുനാത്തൂസ് കട്ടപ്പനയില്‍ ആശുപത്രി സ്ഥാപിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഏറ്റവും ചുരുങ്ങിയ സൗകര്യങ്ങളില്‍ ആരംഭിച്ച സെന്റ് ജോണ്‍സ് ആശുപത്രി ഇന്ന് മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലാണ്. ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് മെന്റല്‍ കെയര്‍, അഗതികള്‍ക്കായി പ്രതീക്ഷ ഭവന്‍, നഴ്‌സിംഗ് സ്‌കൂള്‍, ഫാര്‍മസി കോളജ്, നഴ്‌സിംഗ് കോളജ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയം വെള്ളൂര്‍, കണ്ണൂര്‍ പേരാവൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി, മധ്യപ്രദേശ്, ഒഡീഷ, മൗറീഷ്യസ് എന്നിവിടങ്ങളിലും ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനാല്‍ സഭാസ്ഥാപനങ്ങള്‍ ആരംഭിച്ചു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആശുപത്രികള്‍, അഗതിമന്ദിരങ്ങള്‍, ക്ഷയരോഗ ശുശ്രൂഷാ കേന്ദ്രങ്ങള്‍, ആസന്നമരണര്‍ക്കായുള്ള അഭയ കേന്ദ്രങ്ങള്‍, മാനസിക ചികിത്സാലയങ്ങള്‍, ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കും ബുദ്ധിന്യൂനത സംഭവിച്ചവര്‍ക്കുമായുള്ള പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 454 സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഹോസ്പിറ്റലര്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ കീഴിലുണ്ട്.


Related Articles »