News - 2024

മിശ്ര വിവാഹത്തെ എതിര്‍ത്ത് പോസ്റ്റിട്ട ജീസസ് യൂത്ത് പ്രവര്‍ത്തകന് അഭിനന്ദന പ്രവാഹം

സ്വന്തം ലേഖകന്‍ 07-11-2018 - Wednesday

മിശ്ര വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തി ജീസസ് യൂത്ത് അംഗം സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ച ലഘു കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. കൊടനാട് സ്വദേശിയും ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുമായ അഗസ്റ്റിന്‍ സേവ്യര്‍ എന്ന യുവാവാണ് ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് ഫേസ്ബുക്കില്‍ മിശ്ര വിവാഹത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. 'നിസംഗത ഇനിയും അരുത്' എന്ന തലക്കെട്ടില്‍ സുഹൃത്തിന് ഉണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് അഗസ്റ്റിന്റെ പോസ്റ്റു ആരംഭിക്കുന്നത്.

സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന ഒരാളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാതെ കൈകെട്ടി നോക്കി നിൽക്കുന്നതു ഗൗരവമുള്ള തെറ്റാണ്. നമ്മുക്ക് ചെയ്യാൻ സാധിയ്ക്കുന്ന നന്മകൾ പലരും കരുതുന്ന പോലെ രോഗികളെ പരിചരിക്കലും പാവപ്പെട്ടവർക്ക് ധനസഹായം നൽകലും മാത്രമല്ലായെന്നും നിസാരമെന്നു തോന്നുന്ന കാര്യങ്ങളാണെന്നും, അനുഭവത്തെ ചൂണ്ടിക്കാട്ടി അഗസ്റ്റിന്‍ വിവരിക്കുന്നു.

ലോകം പുലമ്പുന്നത് നിങ്ങൾ ഒരുകാരണവശാലും ശ്രദ്ധിക്കേണ്ടതില്ലായെന്നും യുവാവ് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ പലരും വിമുഖത കാണിക്കുന്ന ഇക്കാലത്ത് വിശ്വാസത്തിന് വേണ്ടി സ്വരമുയര്‍ത്തിയ അഗസ്റ്റിന്‍ സേവ്യറിന് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് കമന്‍റ് നല്‍കുന്നത്.

അഗസ്റ്റിന്‍ സേവ്യറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

കുറച്ചു നാളുകൾക്കു മുൻപ് എന്റെ ഒരു സുഹൃത്തിനുണ്ടായ ഒരു അനുഭവം ഇപ്രകാരമായിരുന്നു. തന്റെ ഉറ്റ സുഹൃത്തിലൊരാൾ ക്രിസ്തീയ വിശ്വാസത്തിനെതിരായ ഒരു തെറ്റായ പ്രേമബന്ധത്തിൽ അകപ്പെട്ടിരുന്നു. അതുമൂലം ചെയ്തുകൊണ്ടിരുന്ന ജോലിയിലും അവരോടുള്ള ഫ്രെണ്ട്ഷിപ്പിലും വീഴ്ചകൾ ഉണ്ടായപ്പോഴാണ് എന്റെ സുഹൃത്ത് കക്ഷിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ശേഷമാണു അതിന്റെ പിന്നിലെ കാരണം ഇതായിരുന്നെന്നു മനസ്സിലാക്കിയത്.

അന്നുതന്നെ ഇതിന്റെ ഭവിഷത്തു ആവുന്നത് പറഞ്ഞു നോക്കി. കേൾക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ അവരുടെ വീട്ടിൽ സ്ഥിതിഗതികൾ അവതരിപ്പിക്കുമെന്ന് സൂചന നൽകി. പിന്നേയും മാറ്റമില്ലെന്ന് കണ്ടപ്പോൾ ഒരു സ്പിരിച്വൽ ഷെയറിങ്ങിനു ആൾക്ക് അവസരമൊരുക്കിക്കൊടുത്തു. അതിനു ശേഷം കുറച്ചു മാറ്റമൊക്കെ വന്നിരുന്നെങ്കിലും പിന്നേയും ഇതേ അവസ്ഥ തന്നെയായപ്പോൾ ഈ സുഹൃത്ത് കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചു.

പക്ഷേ താൻ പ്രതീക്ഷിച്ച ഒരു സമീപനം കക്ഷിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും സുഹൃത്തിനു കിട്ടിയില്ല. അവരൊരു പക്ഷേ സ്വന്തം മക്കളെ അമിതമായി വിശ്വസിക്കുന്ന ഇന്നത്തെ 'ബിസി പേരന്റ്സാകാം'. എന്നിരുന്നാലും ഈ സുഹൃത്ത് തന്റെ ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു പോയില്ല. പ്രാർത്ഥനയും പരിത്യാഗവും ബോധവത്കരണവുമായി ഇപ്പോഴും ഒപ്പം തന്നെയുണ്ട്. തന്നാൽ ആവുന്നത്ര ഈ ചതിക്കുഴിക്കെതിരെ നിലകൊള്ളാൻ ചങ്കുറപ്പ് കാണിച്ചിരിക്കുകയാണ് ഈ സുഹൃത്ത്. പ്രൗഡ് ഓഫ് യു ഡിയർ.

ഇക്കാര്യം എന്നോട് പങ്കുവച്ചപ്പോൾ എന്റെ സുഹൃത്തിനോട് പങ്കുവയ്ക്കുവാൻ ഒരുകാര്യമേ ഉണ്ടായിരുന്നൊള്ളു. അത് ഇപ്രകാരമാണ്.

"എന്‍െറ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍ പാപിയെ തെറ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്‍െറ ആത്‌മാവിനെ മരണത്തില്‍നിന്നു രക്‌ഷിക്കുകയും തന്‍െറ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍" (വിശുദ്ധ ബൈബിൾ- യാക്കോബ്‌ 5 : 19-20).

സുഹൃത്തുക്കളെ, നമുക്ക് ചെയ്യാൻ സാധിയ്ക്കുന്ന നന്മകൾ പലരും കരുതുന്ന പോലെ രോഗികളെ പരിചരിക്കലും പാവപ്പെട്ടവർക്ക് ധനസഹായം നൽകലും മാത്രമല്ല. വളരെ നിസാരമെന്നു തോന്നുന്ന ഇത്തരം ചെറിയ ചെറിയ പോസിറ്റീവ് ഇന്റർവെൻഷൻസാണ് സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. മിശ്രവിവാഹത്തിലേക്ക് നയിച്ചേക്കാവുന്ന 'തെറ്റായ പ്രേമബന്ധം' എന്ന് ഉച്ചരിച്ചതിൽ ഇത് വായിക്കുന്ന പലർക്കും എതിരഭിപ്രായമുണ്ടാകാം. വിശ്വാസിയെ സംബന്ധിച്ച് ജഡിക സ്വഭാവമുള്ള ഇത്തരം പ്രണയ ബന്ധങ്ങൾ തെറ്റു തന്നെയാണ്.

ഇത് അറിയാവുന്ന ഒരു വ്യക്തി ആ തെറ്റിൽ അകപ്പെടുന്നതോളം തന്നെ തെറ്റാണ് കണ്മുൻപിൽ കാണുന്ന ഇത്തരം തെറ്റുകളെ തിരുത്താൻ ശ്രമിക്കാത്തത്. മാത്രമല്ല സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന ഒരാളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാതെ കൈകെട്ടി നോക്കി നിൽക്കുന്നതും നിസ്സംഗത എന്ന ഗൗരവമുള്ള തെറ്റാണ്. ഇത് ബോധപൂർവ്വം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇതാ എന്റെ വക ഒരു കൊടുകൈ.! ലോകം പുലമ്പുന്നത് നിങ്ങൾ ഒരുകാരണവശാലും ശ്രദ്ധിക്കേണ്ടതില്ല.

പകരം നിങ്ങൾ ഇനിയും ശബ്ദിക്കണം. നിങ്ങളുടെ കണ്ണും കാതും ഇത്തരം അസത്യങ്ങൾക്കെതിരെ സൂക്ഷമമായി തുറന്നിരിക്കണം. അങ്ങനെ നിങ്ങളും നിങ്ങളുടെ ചുറ്റുപാടും സത്യത്താൽ വിശുദ്ധീകരിക്കപ്പെടട്ടെ. അങ്ങനെ നിങ്ങൾ ഒരാത്മാവിനെ രക്ഷിക്കുന്ന അതിലൂടെ സ്വന്തം ആത്മാവിനെ സുരക്ഷിതമാക്കുന്ന വ്യക്തിയായി മാറട്ടെ.

Posted by Pravachaka Sabdam on 

Related Articles »