News

കേരള സഭയുടെ സമകാലിക പ്രതിസന്ധികളും പ്രതിവിധികളും

ഫാ. അഗസ്റ്റിന്‍ പാംപ്ലാനി 08-11-2018 - Thursday

('കേരളസഭയുടെ സമകാലിക പ്രതിസന്ധികളും പ്രതിവിധികളും' എന്ന വിഷയത്തെ ആസ്പദമാക്കി കെ.സി.ബി. സി വിജിലന്‍സ് കമ്മീഷന്റേയും മീഡിയ കമ്മീഷന്റേയും ആഭിമുഖ്യത്തില്‍ രൂപതകളിലെ പി.ആര്‍.ഒ മാര്‍ക്കും അല്മായപ്രതിനിധികള്‍ക്കും വേണ്ടി 13.08.18ന് പി.ഒ.സിയില്‍ ഫാ. അഗസ്റ്റിന്‍ പാംപ്ലാനി സംഘടിപ്പിച്ച ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണം)

കഴിഞ്ഞ ഒരാഴ്ച പനിപിടിച്ച് ആശുപത്രിയിലായിരുന്നു. വൈകുന്നേരം പനി പരിശോധിക്കാന്‍ വന്ന സിസ്റ്ററോട് ഞാന്‍ പറഞ്ഞു, സിസ്റ്ററേ ആ വാതില്‍ അടച്ചിട്ടേക്ക്, കൊതുക് കയറണ്ടല്ലോ. അപ്പോള്‍ ബൈസ്റ്റാന്‍ഡര്‍ കൂടെയുണ്ടായിരുന്നില്ല. സിസ്റ്റര്‍് പോയി വാതില്‍ പകുതി അടച്ചിട്ട് അര്‍ത്ഥഗര്‍ഭമായി എന്നെയൊന്ന് നോക്കി. എനിക്ക് നല്ലയൊരു തിരിച്ചറിവാണ് സിസ്റ്റര്‍ നല്കിയത്, ഞാനൊരച്ചനാണെന്നും കാലമേതാണെന്നുമൊക്കെ.. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊതുകുകടി ഞാനൊത്തിരി കൊണ്ടു. പക്ഷേ വാതിലടക്കണമെന്ന് ഞാന്‍ പറഞ്ഞില്ല. പൂട്ടിയവാതിലുകളല്ല തുറന്ന വാതിലുകളാണ് ഇന്ന് സുരക്ഷിതത്വത്തിന്റെ പ്രതീകം. കേരളസഭയിലെ ഇന്നത്തെ പ്രതിസന്ധികളെപ്പറ്റി പറയുമ്പോഴും എനിക്കു തോന്നുന്നത് ഇതുതന്നെയാണ്, ഒത്തിരി വാതിലുകള്‍ നമുക്ക് മുമ്പില്‍ തുറക്കപ്പെട്ടിട്ടുണ്ട്.

ഇതിലൂടെ ഒത്തിരി നന്മകള്‍ സഭയിലേക്ക് പ്രവേശിക്കുവാനുള്ള സാദ്ധ്യതകള്‍ പരിശുദ്ധാത്മാവ് ഒരുക്കിയിട്ടുണ്ട്. ഈ സംഭവവികാസങ്ങളിലൂടെ എന്തുമാത്രം അരൂപിയെ നാം സ്വീകരിക്കുന്നു, അതിന് എത്രമാത്രം നാം സജ്ജരാകുന്നു എന്നത് നാം ഒരുമിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഐന്‍സ്റ്റൈന്റെ വിഖ്യാതമായ സൂത്രവാക്യമാണ് E=MC2. ഊര്‍ജ്ജം ദ്രവ്യമാകും. ദ്രവ്യം ഊര്‍ജ്ജമാകും. എനര്‍ജി ദ്രവ്യമാകുമ്പോള്‍ അത് വളരെ സൃഷ്ട്യുന്മുഖമാണ്. ലോകമുണ്ടായത് എനര്‍ജി ദ്രവ്യമായതാണ്. അതേ സൂത്രവാക്യത്തിന് വേറൊരപകടമുണ്ട്. ദ്രവ്യം ഊര്‍ജ്ജമാകുന്നതിനെയാണ് നാം അണുബോംബ് എന്ന് വിശേഷിപ്പിക്കുന്നത്.

ഊര്‍ജ്ജം ദ്രവ്യമാവുകയും ദ്രവ്യം ഊര്‍ജ്ജമാവുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യമാണ് ഇവിടെ പറയുന്നത്. ഒരേ സമവാക്യം തന്നെ സൃഷ്ടിയുടേയും സംഹാരത്തിന്റേയും ജനനത്തിന്റേയും മരണത്തിന്റേയും തത്ത്വമായി ഉപയോഗിക്കപ്പെടുന്നു. സഭയുടെ പ്രതിസന്ധികളില്‍ നമ്മുടെ ഊര്‍ജ്ജം ദ്രവ്യമാവുകയാണോ ദ്രവ്യം ഊര്‍ജ്ജമായി മാറുകയാണോ എന്നുള്ള വലിയ ചോദ്യം നമുക്കു മുന്നില്‍ അവശേഷിക്കുന്നു. വേദനകളും അപമാനങ്ങളും സഭയെ വിശുദ്ധീകരിക്കുന്നുവെന്നതാണല്ലോ ദൈവശാസ്ത്രം. ഇടര്‍ച്ചയുടെ കല്ലുകള്‍ സഭയുടെ വളര്‍ച്ചയുടെ ചവിട്ടുപടികളാണെങ്കില്‍ ഏറ്റവുമധികം ഇടറയുകയും വേദനിക്കുകയും ചെയ്ത രണ്ടു സഭകളെപ്പറ്റി നമുക്ക് അസൂയ തോന്നാന്‍ സാംഗ്യതമുണ്ട്.

വൈരുദ്ധ്യാത്മക വിശുദ്ധിയാല്‍ ഏറ്റവുമധികം ഭാസുരമായിരിക്കുന്ന രണ്ടു സഭകളാണ് അമേരിക്കന്‍ സഭയും കേരളസഭയും. ഇതില്‍ അമേരിക്കന്‍ സഭ അനുവര്‍ത്തിച്ച നടപടിക്രമങ്ങള്‍ കേരളസഭയക്ക് തീര്‍ത്തും അനുകരണീയമാണ്. അമേരിക്കന്‍ സഭയെപ്പറ്റിയുള്ള എന്റെ അസൂയ പങ്കുവെക്കാം. 2005-ല്‍ ഫിലഡല്‍ഫിയായില്‍ പ്രബന്ധാവതരണത്തിന് പോയപ്പോള്‍ എന്നെ പരിചയപ്പെടുത്തിയ ചെയര്‍ എന്റെ സി.വി.-യില്‍ എഴുതിയിരിക്കുന്ന Catholic Priest From Kerala എന്നത് പറയേണ്ടതുണ്ടോ എന്ന് ചോദിച്ചു. കത്തോലിക്ക വൈദികരെപ്പറ്റി വളരെ മോശം അഭിപ്രായം രൂപപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു പ്രബുദ്ധസമൂഹത്തില്‍ താങ്കളൊരു കത്തോലിക്കാവൈദികനാണെന്ന് പറയണോ എന്നതാണ് ചോദ്യം.

അന്ന്, പീഡോഫീലിയ സംബന്ധമായ വിവാദങ്ങള്‍ അമേരിക്കന്‍ സഭയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ഒരു മുതിര്‍ന്ന കര്‍ദ്ദിനാളിനെ ജൂണില്‍ പുറത്താക്കി. ഇന്നലെ വാഷിംഗ്ടണ്‍ ആര്‍ച്ചുബിഷപ്പിന്റെ രാജി മാര്‍പാപ്പ മനസില്ലാമനസ്സോടെ സ്വീകരിച്ചു. കത്തോലിക്കാസഭയെ സമഗ്രമായും വിമര്‍ശനാത്മകമായും പഠിക്കുന്ന 'നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍' പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വായിച്ചാല്‍ നാം ഒരുപക്ഷേ കരഞ്ഞുപോകും. സഭയെ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ ഒരുമിച്ചിരുന്ന് ദുഖിക്കുകയും കരയുകയും പ്രതിവിധികള്‍ അന്വേഷിക്കുകയും ചെയ്യുകയാണ്. വിമര്‍ശനങ്ങള്‍ ശക്തമായിട്ടുണ്ട്.

പക്ഷേ, അതിന്റെയെല്ലാമടിയില്‍ വളരെ ശക്തമായ സഭാസ്‌നേഹം തുടിക്കുന്ന ഹൃദയങ്ങള്‍ കാണാം. 2017ല്‍ സ്റ്റീഫന്‍ റൊസേറ്റി എന്ന അമേരിക്കന്‍ മോണ്‍സിഞ്ഞോര്‍ 'എന്തുകൊണ്ട് വൈദികര്‍ ഇത്രമാത്രം സന്തോഷചിത്തരായിരിക്കുന്നു' എന്ന ഒരു സര്‍വേയുടെ പഠനം പുസ്തകമായി പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ എല്ലാ തൊഴിലുകളും വച്ച് പരിശോധിക്കുമ്പോള്‍ അമേരിക്കയിലെ ഏറ്റവും സന്തോഷകരമായ പ്രൊഫഷന്‍ പൗരോഹിത്യമാണെന്നാണ് ഈ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വരുമ്പോള്‍ എല്ലാവരും വൈദികരെ വിവാഹം കഴിപ്പിക്കുകയാണ് പ്രശ്‌നപരിഹാരമായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ശരിയായ രോഗനിര്‍ണ്ണയമോ ചികില്‍സയോ അല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മാര്‍പാപ്പ ബ്രഹ്മചര്യവ്രതം എടുത്തുകളയുകയാണെങ്കില്‍ നിങ്ങള്‍ എത്രപേര്‍ വിവാഹിതരാകാന്‍ തയ്യാറുണ്ട് എന്ന് ചോദിക്കുമ്പോള്‍ അനുകൂലിക്കാന്‍ 18 ശതമാനം പേരേയുള്ളു. 54 ശതമാനം പേരും പറയുന്നത് തങ്ങള്‍ ബ്രഹ്മചാരികളായി തുടരും എന്നതാണ്. 28 ശതമാനത്തിന് അഭിപ്രായമില്ല. 78 ശതമാനം വൈദികരും ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പൗരോഹിത്യം ഉപേക്ഷിക്കാനാഗ്രഹിക്കുന്ന വൈദികരുടെ എണ്ണം 2005-ല്‍ നിന്ന് 2018 ആയപ്പോഴേക്കും 5.2-ല്‍ നിന്നും 3.1-ലേ ക്ക് കുറഞ്ഞു വന്നിട്ടേയുള്ളു. 2014 മുതല്‍ 2018 വരെയുള്ള കാലഘട്ടങ്ങളില്‍ അമേരിക്കയില്‍ ദൈവവിളിയില്‍ വര്‍ഷം തോറും 1 ശതമാനം വീതം സ്ഥിരമായ വളര്‍ച്ചയുണ്ടാകുന്നുണ്ട്. അമേരിക്കന്‍ സഭ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ഈ കാലയളവിലാണ് നമുക്ക് വളരെ ഭാവാത്മകമായ ഈ പ്രതികരണങ്ങള്‍ ലഭിക്കുന്നത് എന്നത് ആശാവഹമാണ്. ഇതൊക്കെയാണ് അമേരിക്കയിലെ സഭയോട് അസൂയ തോന്നാനുള്ള കാര്യങ്ങള്‍.

സുവിശേഷങ്ങളില്‍ നാം വായിക്കുന്നുണ്ട്. യോഹന്നാനും പത്രോസും കൂടി ഈശോയുടെ കല്ലറയിലേക്ക് ചെന്നു. നോക്കുമ്പോള്‍ കല്ലറ ശൂന്യമാണെന്ന് അവര്‍ കണ്ടു. ശൂന്യമായ കല്ലറ കണ്ടപ്പോള്‍ വിലാപവും പല്ലുകടിയുമല്ല ഉണ്ടായത്. ശൂന്യതയിലേക്ക് നോക്കിയവര്‍ വിശ്വസിച്ചു എന്നാണ് സുവിശേഷം രേഖപ്പെടുത്തുന്നത്. വിശ്വാസം ആരംഭിക്കുന്നത് എപ്പോഴും ശൂന്യതയില്‍ നിന്നാണ്. അത് വലിയൊരു സത്യമാണ്. അമേരിക്കന്‍ സഭയില്‍ വലിയൊരു ശൂന്യതയുണ്ട്. 2004-ല്‍ തുടങ്ങിവച്ച ശൂന്യത ഇന്ന് പൂര്‍ത്തീയാവുന്നതേയുള്ളു. ഇതൊരിക്കലും അവസാനമല്ല. ആഗോളകത്തോലിക്കാസഭയ തന്നെ നവീകരിക്കാന്‍ പോരുന്ന പുതിയ സാദ്ധ്യതകള്‍ അമേരിക്കയില്‍ നിന്നുണ്ടാകും. അതിനാല്‍ ഇന്ന് ലോകത്തെ ഏറ്റവും വിശുദ്ധമായ സഭകളില്‍ ഒന്ന് അമേരിക്കന്‍ സഭ തന്നെയാണ് എന്നതാണ് സത്യം. എന്നാല്‍ ലൈംഗികപവാദ കേസുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

പത്തുവര്‍ഷത്തെ കാലയളവിനുള്ളില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂതകാലത്തെ പ ാപങ്ങളുടെ ഭാരമാണ് സഭ ഇന്ന് ഏറെയും വഹിക്കുന്നത. രണ്ടാമത് എനിക്ക് അസൂയ തോന്നുന്നത് കേരളസഭയോട് തന്നെയാണ്. ആഗോളസഭയില്‍ ഇത്രയധികമായി വിശ്വാസം ആഘോഷിക്കപ്പെടുന്ന വേറൊരു സഭയില്ല. ആഗോളസഭയുടെ തന്നെ ആത്മീയകലവറയെന്ന് നാം കേരളസഭയെ വിശേഷിപ്പിക്കാറുണ്ട്. ഇന്ന് ഇത്രയും വലിയ പീഡനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയമാകേണ്ട ഒരു സഭയുണ്ട് എങ്കില്‍ അതു നമ്മുടെ കേരളസഭ തന്നെയാണെന്നതാണ്. കേരളസഭയുടെ മുഖം ദൈവതിരുമുമ്പാകെ ഏറ്റവും ഭാസുരമായിരിക്കുന്ന കാലയളവാണ് ഇത്. താബോറിലെ ഈശോയുടെ തിരുമുഖം പോലെ മുറിവേറ്റുനില്ക്കുന്ന നമ്മുടെ സഭയുടെ മുഖം ഏറ്റവും പാവനമായി നിലകൊള്ളുകയാണ്. നന്മയെ ജനിപ്പിക്കണമെങ്കില്‍ ആരെങ്കിലുമൊക്കെ വേദനിക്കണമെന്ന കത്തോലിക്കാവിശ്വാസത്തിന്റെ ഭാഗമാണത്.

ഈശോയുടെ തിരുപ്പിറവി, ക്രിസ്മസ് ഏറ്റവും ആനന്ദിപ്പിക്കുന്ന സംഭവമായിരുന്നുവെങ്കിലും അതിനെ അനുധാവനം ചെയ്തത് ചരിത്രത്തിലെ തന്നെ വലിയ ക്രൂരതയുടെ അദ്ധ്യായമായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ വധം! പിഞ്ചുകുഞ്ഞുങ്ങളുടെ രക്തത്തിന്റെ വിലയായിരുന്നു ഈശോ പോലും എന്ന് നമ്മള്‍ അറിയണം. വിലകൊടുത്ത് മാത്രമേ നന്മയെ ജനിപ്പിക്കാന്‍ സാധിക്കുകയുള്ളു. ആരെങ്കിലുമൊക്കെ വിലകൊടുത്താല്‍ മാത്രമേ നന്മയൊക്കെ ചരിത്രത്തില്‍ ഭൂജാതമാവുകയുള്ളു. ഇക്കാരണങ്ങളാല്‍ കേരളസഭയെക്കുറിച്ച് ഓര്‍ത്ത് നമ്മള്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സമയമല്ല ഇത്. നേരെ മറിച്ച് ദൈവത്തിന്റെ പ്രത്യേകമായ തിരഞ്ഞെടുപ്പിനെ യോര്‍ത്ത് അനുഭൂതി കൊള്ളേണ്ട സമയമാണിത്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് ഈശോ പറഞ്ഞിരിക്കുന്നത്. എന്നാല്‍, സത്യം അറിഞ്ഞും അറിയിച്ചും സ്വതന്ത്രരാകുന്നതിന് പകരം കേട്ടുപോകുന്ന അസത്യങ്ങളാല്‍ ഭയപ്പെട്ട് നാം നിര്‍വീര്യരായിപ്പോകുന്നു.

അസത്യങ്ങള്‍ കേട്ട് ഭയപ്പെട്ട് എല്ലാവരും ഒളിച്ചിരിക്കുന്നു. സത്യം നമ്മെ സ്വതന്ത്രരാക്കുന്നില്ല. നമ്മെ ഭയപ്പെടുത്തുന്ന പല അസത്യങ്ങളുടെയും പിന്നില്‍ സത്യത്തിന്റെ ഒത്തിരി അംശങ്ങള്‍ നാം തിരിച്ചറിയാതെ പോകുന്നുണ്ട്. കേരളസഭയുടെ സമീപകാല ക്ഷതങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും മുറിവുകളിലൂടെ നമ്മള്‍ നന്‍മയെ വിലകൊടുത്തു വാങ്ങിയിട്ടുണ്ട് എന്ന്. ശൂന്യത കണ്ട് പകച്ചുപോയപ്പോഴും വിലാപത്തിനും പല്ലുകടിക്കുമപ്പുറം നമ്മള്‍ വിശ്വാസത്തിന്റെ ഒത്തിരി നല്ല ആവിഷ്‌കാരങ്ങളും അവിടെ നടത്തിയിട്ടുണ്ട്. സഭയുടെ ശൂന്യതകളൊന്നും വെറും ശൂന്യതകളായിരുന്നില്ല, വിലകൊടുക്കുന്ന വിശ്വാസത്തിന്റെ പുതിയ അദ്ധ്യായങ്ങളും നമ്മള്‍ അവിടെയൊക്കെ വിരചിച്ചിട്ടുണ്ട്.

ഒന്നാമതായി മറിയക്കുട്ടി കൊലക്കേസിലെ ഫാ. ബനഡിക്ട്. സത്യത്തിന്റെ പരസ്യസാക്ഷ്യം യഥാര്‍ത്ഥ കുറ്റവാളിയുടെ ബന്ധുക്കള്‍ തന്നെ നടത്തിയുട്ടും അതിനെ മനഃപൂര്‍വ്വം തമസ്‌കരിക്കേണ്ടത് സഭയുടെ ശത്രുക്കള്‍ക്ക് ആവശ്യമാണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അവശേഷിപ്പിക്കുന്ന അപകര്‍ഷതയാല്‍ വൈകിയെത്തുന്ന സത്യങ്ങളെ യഥോചിതം സ്വാഗതം ചെയ്യാനും ഉദ്‌ഘോഷിക്കാനും നാം പരായജപ്പെടുന്നു. മറിയക്കുട്ടി കൊലക്കേസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് സമരവേദിയില്‍ ഈ ദിവസങ്ങളില്‍ വീണ്ടും ചിന്തയുടെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്നു. തെളിവില്ലാത്തതുകൊണ്ട് ബനഡിക്ടച്ചനെ കോടതി വെറുതെവിടുകയാണത്രേ ചെയ്തത്. ബനഡിക്ട് അച്ചനെക്കുറിച്ച് നമ്മള്‍ പറഞ്ഞതും ചെയ്തതുമെല്ലാം നിഷ്ഫലമായി! ബനഡിക്ടച്ചന്‍ അവശേഷിപ്പിക്കുന്ന സത്യത്തെ കത്തോലിക്കാ കുട്ടികള്‍ക്കെങ്കിലും ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ നാം വേണ്ടത്ര പരിശ്രമിച്ചി്ട്ടുണ്ടോ എന്ന് സംശയം.

രണ്ടാമതായി നമ്മള്‍ ഒളിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന വേറൊരു കേസ് അഭയക്കേസാണ്. വിചാരണ പോലും കൂടാതെ കുറ്റാരോപിതനായ ഒരു വ്യക്തിയെ വെറുതെ വിടണമെന്ന് കോടതി തീരുമാനിച്ചു. ഇനിയൊരു ജന്മം കൂടിയുണ്ടെങ്കിലും ഞാനൊരു വൈദികനാകാനാണ് ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളസഭ തന്നെ ആഖ്യാനം ചെയ്യാന്‍ ബാക്കികിടക്കുന്ന വലിയൊരു ധാര്‍മ്മികശക്തിയാണ് പൂതൃക്കയിലച്ചന്‍. പക്ഷേ കത്തോലിക്കാമാധ്യമങ്ങള്‍ പോലും അച്ചന്റെ വാക്കുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. മൂന്നാമതായി, കൊട്ടിയൂര്‍ സംഭവത്തില്‍, കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന് ആക്ഷേപിച്ച് മാധ്യമങ്ങള്‍ മുഴുവന്‍ സഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയായിരുന്നു. ഇന്നിതാ കുറ്റരോപിതയായ ഒരു കന്യാസ്ത്രീയെയും വേറെ രണ്ട് ഡോക്ടര്‍ന്മാരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സുപ്രീം കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു. നാലമതായി, ജലന്ധര്‍ വിഷയത്തില്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിക്കു പോലും സത്യം പൂര്‍ണ്ണമായും അറിഞ്ഞുകൂടായിരുന്നുവെന്നു മനസ്സിലാക്കുമ്പോള്‍ സാധാരണ ജനങ്ങളെ നമുക്കെങ്ങനെ കുറ്റം പറയാനാകും.

സംവിധാനങ്ങളില്‍ വരുത്തേണ്ട വലിയ ഭേദഗതികളുടെ സൂചനകളാണ് നാം ഇതിലൂടെ തിരിച്ചറിയുന്നത്. എല്ലാം ആക്ഷേപങ്ങളും സഹിച്ച് കലാശക്കൊട്ടും കഴിയുമ്പോഴാണ് നാം അറിയുന്നത് ലൈംഗികാപവാദം സംബന്ധിച്ച് സഭക്ക് പരാതി ലഭിച്ചിട്ടില്ല എന്ന കാര്യം. എണ്‍പത് ശതമാനം കത്തോലിക്കാവിശ്വാസികളും ഈ വസ്തുതകള്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ ചിന്തിക്കുന്നില്ല. പറഞ്ഞുവരുന്നതിന്റെ സാംഗത്യമിത്രേയുള്ളു. സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കാത്തതുമൂലം നാം വലിയ വിലകൊടുത്തു കൊണ്ടിരിക്കുകയാണ്. ശരിയായ ഗൃഹപാഠം ചെയ്യാന്‍ നാം പഠിച്ചിട്ടില്ലാത്തതുകൊണ്ട് അസത്യങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് ലഭിക്കുകയാണ്.

ഈ കോലഹലങ്ങളെല്ലാം കെട്ടടങ്ങിക്കഴിയുമ്പോള്‍ സഭക്ക് ഒരുപാടു കാലത്തേക്ക് പുതിയ പ്രബോധനത്തിന് വേണ്ട ഉള്‍ക്കാഴ്ചകളും ദൈവശാസ്ത്ര വിഭവങ്ങളും ഇത് അവശേഷിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ വന്ന ചര്‍ച്ചകളും ചില സാംസ്‌കാരികനായകന്മാരുടെ പ്രഭാഷണങ്ങളും നാം ശേഖരിച്ച് വച്ച് ഹോംവര്‍ക്ക് ചെയ്യണം. ഭാവിയിലെ നീതിക്കുമുന്നില്‍ നിലവിളികളാകേണ്ട ശതകാലത്തിലെ അനീതിയുടെ അട്ടഹാസങ്ങളാണ് അവയില്‍ പലതും. കാലം നമുക്ക് തന്നിരിക്കുന്ന വലിയ ആയുധങ്ങളാണവ. വരുംകാലത്ത് ഇവയൊക്കെയും ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഇവയൊക്കെയും നമുക്ക് വലിയ അവസരങ്ങളാണ് എന്ന് തിരിച്ചറിയാം. അത്തരമൊരു ഭാവാത്മക വിശകലനത്തിലേക്ക് നമുക്കൊന്ന് പ്രവേശിക്കാം. നമ്മള്‍ കരയാന്‍ പഠിക്കുകയാണ്!

ജലന്ധര്‍ സംഭവത്തിലൂടെ തിരുസ്സഭ കരയാന്‍ പഠിക്കുകയാണ്. കരയാന്‍ സാധിക്കുക എന്നത് വലിയൊരനുഗ്രഹമാണ്. കത്തോലിക്കാസഭയുടെ ശിലാസ്ഥാപനം നടന്നത് പീലാത്തോസിന്റെ അരമനയില്‍ വച്ചാണ്. അവിടെ നിന്നാണ് കര്‍ത്താവ് പത്രോസിന്റെ ഉള്ളുരുകിയ കരച്ചില്‍ കാണുന്നത്. അപ്പോള്‍ അവിടുന്ന് തീരൂമാനിച്ചു, ആദ്യത്തെ വലിയ മുക്കുവനെ. തിബേരിയാസ് തീരത്തുവച്ച് മൂന്നാം തവണ നീ എന്നെ സ്‌നേ ഹിക്കുന്നുവോ എന്ന് ചോദിച്ചപ്പോള്‍ പത്രോസ് 'ദുഖിതനായി'. കത്തോലിക്കാസഭയുടെ ആരംഭം ഈ ദുഖത്തില്‍ നിന്നാണ്. ആദ്യത്തെ മെത്രാന്‍ പട്ടത്തിനു ശേഷം നടന്നത് അനുമോദനയോഗവും പൗരസ്വീകരണവുമായിരുന്നില്ല, അഭിക്ഷിത്യന്റെ മരണത്തെ സംബന്ധിച്ച വിളംബരമായിരുന്നു. തിരുസ്സഭയില്‍ അധികാരത്തിന്റെ ഉറവിടം ദുഖമാണെന്ന് അറിയണം. ഈ നാളുകളില്‍ നാമെല്ലാവരും ദുഖിക്കുകയായിരുന്നു. ആത്മാര്‍ത്ഥമായി സഭയെ സ്‌നേഹിക്കുന്ന എല്ലാ വിശ്വാസികളും വലിയ മുക്കുവരായി മാറിയ ദിനങ്ങളായിരുന്നു കടന്നുപോയത്. എല്ലാവരും ഹൃദയം തകരുംവിധം ദുഖിച്ചു. ഈ ദുഖം വൃഥാവിലാകാനുള്ളതല്ല. അതിലൂടെ പുതിയ സഭയുടെ അസ്ഥിവാരം പടുത്തുയര്‍ത്തപ്പെടണം. ദുഖമുള്ളിടത്ത് ഏറ്റുപറച്ചിലുകളുണ്ടാകും, തിരുത്തലുകളുണ്ടാകും.

“I made a serious mistake,I wish to apologise to those whom I have offended. Iwish to apologise to them personally in the coming months.”പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിമാറ്റി ഉദ്ധരിച്ച ഈ വാക്കുകള്‍ ആരുടേതാണെന്ന് പറയാമോ? ബുദ്ധിമുട്ടാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളാണിത്. മാര്‍പ ാപ്പ ജൂണില്‍ ചിലിയിലെ മെത്രാന്മാര്‍ക്കയച്ച കത്തിലെ വരികളാണിവ. ചിലിയിലെ ഒരു മെത്രാന്‍ നിമയനത്തില്‍ സംഭവിച്ച വീഴ്ചയെപ്പറ്റിയാണ് പാപ്പ ഇവിടെ പരമാര്‍ശിക്കുന്നത്. തനിക്ക് ലഭിച്ച ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിയമനം എന്ന് പിന്നീട് പാപ്പ മനസ്സിലാക്കി. തെറ്റ് തിരുത്തുവാന്‍ ചിലിയിലെ മുഴുവന്‍ മെത്രാന്‍മാരെയും റോമിലേക്ക് വരാനാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ കത്തിലാണ് ക്ഷമാപണം. ഈ നിയമനത്തിലൂടെ വ്രണപ്പെട്ട പീഡീതരായ ഇരകളോടാണ് മാര്‍പ്പാപ്പ ക്ഷമാപണം നടത്തുന്നത്. എന്തൊരു ആര്‍ജ്ജവത്വമാണ് ഈ വാക്കുകള്‍ക്കുള്ളത്. ഇത്തരം ആര്‍ജ്ജവത്വത്തോടു കൂടി തെറ്റ് ഏറ്റുപറയുക എന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. തെറ്റുപറ്റുമ്പോള്‍ തിരുത്തുവാന്‍ കാണിക്കുന്ന ധൈര്യം പരിശുദ്ധാത്മാവിന്റേതാണ്. അടുത്തകാലത്തുണ്ടായ സംഭവങ്ങളില്‍ ഡിപ്ലോമാറ്റിക് ആയ ഭാഷ ഉപയോഗിച്ച് പ്രതികരിച്ചെങ്കിലും സുവിശേഷാത്മകമായ ഔന്നത്യങ്ങള്‍ അവയില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ ദു:ഖത്തില്‍ നിന്നുള്ള ഏറ്റുപറച്ചിലുകള്‍ നമുക്കുണ്ടാകണം. ഒരുവാക്ക് ക്ഷമാപണം നടത്താനോ അല്പമൊന്നു കുനിഞ്ഞുകൊടുക്കാനോ സഭയില്‍ പലര്‍ക്കും ധൈര്യമില്ലാത്തതുകൊണ്ട് എന്തുമാത്രം അപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സഭക്ക് കൈമോശം വന്നിരിക്കുന്ന വലിയൊരു മൂല്യമാണ് ദു:ഖം എന്ന് പറയുന്നത്. 'സോറി' എന്ന ഒരു വാക്കിനുവേണ്ടി എത്ര വലിയ വിലയാണ് സഭ നല്‍കികൊണ്ടിരിക്കുന്നത!് ദുഖവും കോപവുമാണ് ഇന്ന് ഈ സംഭവങ്ങളെല്ലാമായി ബന്ധപ്പെട്ട് കേരളസഭയിലുണ്ടായിരിക്കുന്ന രണ്ട് പ്രധാനവികാരങ്ങള്‍.

സഭയില്‍ ഇന്ന് ഒരുപാട്‌പേര്‍ ക്ഷുഭിതരാണ്. സഭക്ക് തെറ്റുപറ്റി, നടപടിയെടുത്തില്ല, എന്നിങ്ങനെ ചിന്തിക്കുന്നവരാണ്. അപൂര്‍ണ്ണമായ വിവരങ്ങള്‍ ന്യായമായ ക്ഷോഭങ്ങളെത്തന്നെ വഴിതെറ്റിക്കാം. ക്ഷോഭത്തെ നാം എപ്രകാരം കൈകാര്യം ചെയ്യുന്നുവെന്നത് പ്രധാനമാണ്. അവര്‍ക്ക് കോപിക്കാന്‍ അവകാശമുണ്ട്. അമേരിക്കന്‍ എന്റര്‍പ്രൈസ് സൊസൈറ്റിയുടെ പ്രസിഡന്റും സഭാസ്‌നേഹിയുമായ ആര്‍തര്‍ സി. ബ്രൂക്‌സ് ആഗോളസഭയിലെ ലൈംഗികാപവാദങ്ങളുടെ പശ്ചാത്തലത്തില്‍ 'ന്യൂയോര്‍ക്ക് ടൈംസില്‍' എഴുതിയ ലേഖനത്തില്‍ സഭാനേതൃത്വത്തിന് നല്‍കുന്ന ഉപദേശമാണിത്: 'അല്‍മായരുടെ ക്ഷോഭത്തെ സ്വാഗതം ചെയ്യാന്‍ പഠിക്കുക'. ഡിവോഴ്‌സിന്റെ മനശാസ്ത്രം പഠിപ്പിക്കുന്നവര്‍ പറയുന്നത് ക്ഷോഭം നല്ലതാണെന്നതാണ്. സ്‌നേഹിക്കുന്നതുകൊണ്ടാണ് ക്ഷോഭിക്കുന്നത്. എന്നാല്‍ കോപത്തോടു കൂടി പുച്ഛം (disgust) കടന്നുവരും.

പരിഹരിക്കപ്പെടാത്ത കോപമാണ് പുച്ഛം അഥവാ ഡിസ്ഗസ്റ്റ്. പുച്ഛം വെറുപ്പിലേക്ക് അതിവേഗത്തില്‍ എത്തിച്ചേരും. അത് സഭയുമായുള്ള ഡിവോഴ്‌സിലേക്ക് നയിക്കും. അല്മായ സമൂഹത്തിന്റെ കോപത്തെ സ്വാഗതം ചെയ്യാന്‍ നാം പഠിക്കണം. സഭയെ സ്‌നേഹിക്കുന്നതുകൊണ്ടാണ് ചിലരെല്ലാം വല്ലാതെ ക്ഷുഭിതരായിരിക്കുന്നത്. പക്ഷേ, ആ ക്ഷോഭം ഡിവോഴ്‌സിലേക്ക് നയിക്കാന്‍ ഇടയാകരുത്. വി. അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍ പോലെ ഒരു പത്തുവര്‍ഷത്തിനപ്പുറം സമയത്തിന്റെ പൂര്‍ണ്ണതയില്‍ സഭയില്‍ സംഭവിക്കേണ്ട ഏറ്റുപറച്ചിലുകളെയും തിരുത്തലുകളെയും നാം സ്വപ്‌നതുല്യം താലോലിക്കണം. ഞങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് എല്ലാവരും ഏറ്റുപറയേണ്ടതുണ്ട്. എല്ലാവര്‍ക്കും തെറ്റുപറ്റിയ സംഭവമാണിത്. മെത്രാനും, കന്യാസ്ത്രീകളും, വിപ്ലവനായകരും സംസ്‌കാരികനായകരും, മാധ്യമങ്ങളും എല്ലാവരും സത്യങ്ങള്‍ക്കൊപ്പം അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും പോറ്റിയിട്ടുണ്ട്.

അതിനാല്‍ ആര്‍ജ്ജവത്വമുള്ള എല്ലാവരും ക്ഷമ ചോദിക്കുന്നതാണ് കൂടുതല്‍ ഔന്നത്യമുള്ളത്. നമ്മള്‍ സംഭാഷിക്കാന്‍ പഠിക്കുകയാണ്! രണ്ടാമതായി, നമ്മള്‍ സംഭാഷിക്കാന്‍ പഠിക്കുകയാണ്. സംവാദങ്ങള്‍ നടക്കേണ്ടതുണ്ട്. ദൈവവും പിശാചും ഒരുമിച്ചിരുന്ന് നയരൂപീകരണം നടത്തുന്ന വിചിത്രമായ ചിത്രം ജോബിന്റെ പുസ്തകത്തില്‍ നമ്മള്‍ കാണുന്നുണ്ട്. ഇറ്റാലിയന്‍ നാസ്തിക സൊസൈറ്റിയുടെ പ്രസിഡന്റിനെ സംവാദത്തിനായി വത്തിക്കാനിലേക്ക് രണ്ടുപ്രാവശ്യം നേരിട്ട് ക്ഷണിച്ചത് ഫ്രാന്‍സിസ് പാപ്പയാണ്. സംവാദത്തിനുള്ള ക്രിസ്തീയമായ ആര്‍ജ്ജവത്വത്തിന്റെ നല്ല മാതൃതകളാണിവ.

ബഹുമുഖങ്ങളായ ആശയങ്ങളുടെ വിനിമയത്തിന്റേയും ക്രിയാത്മകമായ ആശയസംഘര്‍ഷങ്ങളുടെയും ഭീമമായ ദാരിദ്രം സഭയില്‍ നിലവിലുണ്ട്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം ശത്രുക്കളാണെന്ന് നാം വിചാരിക്കരുത്. സ്‌നേഹത്തില്‍ ന ിന്നും വിമര്‍ശനങ്ങളുണ്ടാകും.'ക്രിസ്തുവിനെക്കാള്‍ വലിയ സത്യമുണ്ടോ, ഉണ്ടെങ്കില്‍ക്കൂടി എനിക്കതുവേണ്ട, ക്രിസ്തുവിനെ മതി.' എന്നത് ഡോസ്തയോവ്‌സ്‌കിയുടെ വാക്കുകളാണ്. അദ്ദേഹം തന്നെയാണ് സഭാവിമര്‍ശനത്തിന്റെ ശക്തമായ ആഖ്യാനങ്ങള്‍ രചിച്ചതും. മെത്രാന്റെ മുദ്രമോതിരം ചുംബിച്ചിട്ട് തടവറയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ക്രിസ്തുവിനെ അവതരിപ്പിച്ചിരിക്കുന്നതും അദ്ദേഹമാണ്. സംവാദങ്ങള്‍ക്കുള്ള സൂചന കള്‍ സഭയില്‍ നിന്ന് നമുക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ഒത്തിരി വര്‍ഷങ്ങളായി സഭക്കെതിരെയുള്ള ആക്ഷേപങ്ങള്‍ നാം ഏഷ്യാനെറ്റില്‍ നിന്നും മാതൃഭൂമിയില്‍ നിന്നും മറുനാടനില്‍ നിന്നുമൊക്കെയാണ് കേട്ടിട്ടുള്ളത്. ഇന്ന് ഇത്തരം വിഷയങ്ങള്‍ സഭക്കുള്ളില്‍ തന്നെ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും നാം തയ്യാറാകുന്നു. സഭയുടെ മാലിന്യങ്ങള്‍ മാത്രം ലേലം ചെയ്ത് തടിച്ചുകൊഴുക്കുന്ന ബാഷാന്‍ പശുക്കളാണ് വിമതശബ്ദങ്ങള്‍ പലതും. വിമര്‍ശനങ്ങളെ ഘട്ടം ഘട്ടമായി സ്വാംശീകരിച്ചുകൊണ്ട് പക്വതയാര്‍ജ്ജിച്ച തിരുത്തല്‍ ശബ്ദങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സഭയുടെ ഒത്തിരി പ്രവാചകര്‍ ജലന്ധര്‍ വിഷയത്തില്‍ വേച്ചുനടക്കുന്ന കാഴ്ച സഭയ്ക്കു കാണേണ്ടിവന്നത്. നമ്മുടെ പ്രവാചകന്മാര്‍ നടക്കാന്‍ പഠിക്കുന്നതേയുള്ളു.

ഒത്തിരിവീഴ്ചകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. കാരണം, ക്രിസ്തീയമായ പ്രവചനത്തിന്റെ പരിശീലനവും പാരമ്പര്യവും കേരളസഭയ്ക്ക് കുറവാണ്. നമ്മുടെ മഹത്തായ ദൈവശാസ്ത്രവിവാദങ്ങള്‍ക്ക് പലപ്പോഴും ഒരു നല്ല പാഷണ്ഡതയുടെ നിലവാരം പോലുമില്ല. ആന്തരികസംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത സഭയിലെ ദൈവശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും കൈവരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്ങനെയാണ് ക്രിസ്തീയസഭയില്‍ ആത്മവിമര്‍ശനം ന ടത്തേണ്ടത് എന്ന് നാം പഠിച്ചുവരുന്നതേയുള്ളു. എല്ലാ പ്രതികരണങ്ങളും ഇനിയുമേറെ നാം പഠിക്കാനുണ്ട് എന്നതിന്റെ സൂചനകളാണ്. രണ്ടായിരം വര്‍ഷത്തിന്റെ പാരമ്പര്യമുളള സഭയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ഒരു വിമതനും കേരളത്തിലെങ്ങും ഉണ്ടായിട്ടില്ല. സുവിശേഷാത്മകമായ സമീപനങ്ങള്‍ നാം സ്വീകരിക്കണം എന്നു മാത്രം.

1938ല്‍ മുണ്ടശ്ശേരിയും എം. പി. പോളും കൂട്ടരും ചേര്‍ന്ന് ഇറക്കിയ 'കേരള കത്തോലിക്കന്‍' എന്ന് ലഘുലേഖയെക്കുറിച്ച് വന്ദ്യവയോധികനായ ഒരു ദൈവശാസ്ത്രജ്ഞന്‍ പരമാശിച്ചതോര്‍ക്കുന്നു. അതില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇന്നും പരിഗണിക്കപ്പെടാതെപോലും കിടക്കുന്നു എന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നതത്രേ! നമ്മള്‍ കൈകോര്‍ക്കാന്‍ പഠിക്കുകയാണ്! മൂന്നാമതായി, നാം കൈകോര്‍ക്കാന്‍ പഠിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വിശ്വാസത്തിന്റെ വളര്‍ച്ചയെക്കാള്‍ വിശ്വാസസമൃദ്ധിയുടെ ആഡംബരങ്ങളായിരുന്നു കേരളസഭയില്‍ നടന്നിരുന്നത് എന്ന് തോന്നുന്നു. അമിതമായ സ്വത്വബോധം ഇത്തരമൊരു ആഡംബരമാണ്. ഐക്യത്തിന്റെ ദൃശ്യമായ പ്രതീകങ്ങളെയും പ്രസ്ഥാനങ്ങളെയും ഒന്നൊന്നായി ഇല്ലാതാക്കുന്നതായിരുന്നു സഭയുടെ വളര്‍ച്ചാശൈലി. അമിതമായ സ്വത്വബോധങ്ങള്‍ക്ക് പലപ്പോഴും സുവിശേഷാത്മക സഹവര്‍ത്തിത്ത്വത്തിിന്റെ വലിയ വില നല്‍കേണ്ടിവന്നു. സഭക്കെതിരായ സംഘടിതമായ ഗൂഡാലോചനകളെപ്പറ്റി ഒരുപാട് പറഞ്ഞുകേള്‍ക്കുന്നുണ്ട്. സംഘടിതമായതിനെ സംഘാതമായിതന്നെ നേരിടുമ്പോഴാണ് സംഘടിതഗൂഡാലോചനകള്‍ തന്നെ സഭയ്ക്ക് അവസരങ്ങളായി മാറുന്നത്. എല്ലാ വിഭജനങ്ങള്‍ക്കും ദൈ്വതങ്ങള്‍ക്കും അതീതമായി കേരളസഭ ഒരേ ഹൃദയത്തോടെ ചിന്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോള്‍. സഭയില്‍ ഒരുപാട് നന്മകളെ ജനിപ്പിക്കാന്‍ ഈ സംഘടിതമായ ഗൂഡാലോചനകള്‍ ഉപകാരപ്പെടും.

ശിഷ്യന്മാര്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ സമൃദ്ധികൊണ്ട് വല കീറാന്‍ തുടങ്ങുകയാണ്. അപ്പോള്‍ മറ്റു വള്ളങ്ങളിലുള്ളവരെക്കൂടി വിളിക്കുകയാണ്. ടീം വര്‍ക്ക്! നോബേല്‍ സമ്മാനങ്ങള്‍ പോലും ഇന്ന് വ്യക്തികള്‍ക്കല്ല, ടീമുകള്‍ക്കാണ് നല്‍കപ്പെടുന്നത്. കോര്‍പ്പറേറ്റുകള്‍പോലും സ്വാര്‍ത്ഥപരമായി സഹകരണമന്ത്രം ഉരുവിടുകയാണ്. കേരളസഭയിലെ വിശ്വാസത്തിന്‌റെ അതിസമൃദ്ധി നമുക്ക് ബാദ്ധ്യതയായി മാറല്ലല്ലോ. അതിനാല്‍ വലകീറുന്ന സൂചനകള്‍ ലഭിക്കുമ്പോള്‍ നാം കൈകോര്‍ക്കേണ്ട സാഹചര്യം എത്തിച്ചേര്‍ന്നിരിക്കുന്നു. സെക്കുലര്‍ ഭാഷ സംസാരിക്കാന്‍ കഴിയുന്നവര്‍ സഭയില്‍ ചുരുക്കമാണ്. മുഖ്യധാരാസമൂഹത്തില്‍ കേരളസഭ ഒറ്റപ്പെട്ടുപോകുന്നു. സാംസ്‌കാരികവും ബൗദ്ധികവുമായ ആഴം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുളള നഗ്നതകളും ദാരിദ്ര്യവും നാം തിരിച്ചറിയാണം. നാളേക്കുവേണ്ടി നാം എന്താണ് ഒരുമിച്ച് ചെയ്യേണ്ടത് എന്നാലോചിക്കേണ്ടതുണ്ട്. അത്മായരുടെയും സാംസ്‌കാരികനായകരുടെയും കൈപിടിക്കാനും നാം മടിക്കരുത്.

പ്രൊഫഷണല്‍ പരിശീലനം നല്കി സഭയുടെ വക്താക്കളായി മാറാന്‍ ആളുകള്‍ വേണം. വലിയ മാനവ വിഭവശേഷിയുള്ള സഭക്ക് എന്തുകൊണ്ട് ഇപ്രകാരമുള്ള ദാരിദ്ര്യം അനുഭവപ്പെടുന്നുവെന്ന് ചിന്തിക്കണം. സഭയ്ക്കുവേണ്ടി സംസാരിക്കുന്നവര്‍ എന്ന മട്ടില്‍ മാധ്യമത്തില്‍ അവതരിപ്പിക്കപ്പെട്ടവര്‍ തന്നെ സമൂഹത്തിന് മുന്നില്‍ ഒരുപാട് സന്ദേഹങ്ങള്‍ അവശേഷിപ്പിക്കുന്നവയായിരുന്നുവത്രേ! സംസ്‌കാരിക കേരളത്തെ അക്ഷരം പഠിപ്പിക്കുന്നതില്‍ നല്ല പങ്ക് വഹിച്ച സഭയ്ക്ക് ദൃശ്യമാധ്യമരംഗത്ത് സത്യം പറയാന്‍ ഒരു ചാനലില്ല എന്നത് നമ്മുടെ സഹകരണമില്ലായ്മയുടെ ദൃഷ്ടാന്തമാണ്. എന്നാല്‍ പ്രസാധനരംഗത്ത് ഇത്രയേറെ പണം ചെലവഴിക്കുന്ന ഒരു സമുദായവും ഉണ്ടാകില്ല. എന്തുകൊണ്ട് നമുക്കൊരു മീഡിയ ഇല്ലാതെ പോകുന്നു? സത്യം അടക്കിപ്പറഞ്ഞുകൊണ്ട് കരയാനല്ലാതെ അതുറക്കെ പ്രഘോഷിക്കാന്‍ എന്തുകൊണ്ട് നമുക്കൊരു മാധ്യമമില്ലാതെ പോകുന്നു? സഭാ പ്രസ്ഥാനങ്ങള്‍ തനിയെ തനിയെ വളരുന്നു. ഓരോ രൂപതയും സന്യാസസഭയും ഓരോ സഭയെന്നതുപോലെ വര്‍ത്തിക്കുന്നു. അടിസ്ഥാനപരമായ പ്രശ്‌നം നമുക്കിടയില്‍ ഐക്യമില്ല എന്നതാണ്. വസ്തുനിഷ്ഠതക്കുവേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങളുടെ സൈദ്ധാന്തികമായൊരു അഭാവം സാംസ്‌കാരിക കേരളത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇന്ന് ധാര്‍മ്മികമായി ഏറ്റവുമധികം തകര്‍ന്നിരിക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ ധാര്‍മ്മികമനസാക്ഷിയെ രൂപപ്പെടുത്തുന്നതില്‍ കേരളസമൂഹം മുഖ്യാധാരാ മാധ്യമങ്ങളെത്തന്നെ പുറത്തുനിര്‍ത്തിയിരിക്കുകയാണ്.

മാധ്യമങ്ങളുടെ അജണ്ടകള്‍ക്ക് വിധേയപ്പെടുന്നവരല്ല കേരളസമൂഹം. അതിനാല്‍ കത്തോലിക്കാസഭയ്ക്ക് മാത്രം പറഞ്ഞുകൊടുക്കാന്‍ സാധിക്കുന്ന സത്യത്തിന്റെ ശബ്ദത്തിനായി കാതകൂര്‍പ്പിക്കുവാന്‍ വിശ്വാസിസമൂഹം മാത്രമല്ല, പൊതുസമുഹം തന്നെ ഉണ്ടായിരിക്കും. ഇന്ന് മാധ്യമങ്ങള്‍ തട്ടിയെടുത്തിരിക്കുന്ന സഭാപ്രതിച്ഛായയുടെ തൂലികകള്‍ യഥാര്‍ത്ഥ ആഖ്യാതാക്കളിലേക്ക് തന്നെ തിരികെയെത്തിക്കുവാന്‍ സുദൃഢമായ പ്രയോഗികതീരുമാനങ്ങള്‍ കൂട്ടായ സഭാനേതൃത്വത്തിന്റെ പക്ഷത്തുനിന്നും ഉണ്ടാകേണ്ടതാണ്. സങ്കുചിത താല്‍പ്പര്യങ്ങള്‍ മറന്ന് പൊതുനന്മയ്ക്കുവേണ്ടി കൈകോര്‍്ക്കാന്‍ പഠിച്ചില്ലെങ്കില്‍ കേരളസഭയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമുണ്ടാകില്ല. സഹകരണത്തിന്റേയും സഹവര്‍ത്തിത്ത്വത്തിന്റേയും സത്യത്തെ വീണ്ടെടുക്കാതെ സത്യാനന്തരയുഗത്തില്‍ കേരളസഭ ഒരിക്കലും സത്യത്തിന്റെ വക്താവാകാന്‍ പോകുന്നില്ല.

നമ്മള്‍ വിശ്വസിക്കാന്‍ പഠിക്കുകയാണ്! നാലാമതായി, നമ്മള്‍ വിശ്വസിക്കാന്‍ പഠിക്കുകയാണ്. പരീക്ഷിക്കപ്പെടുമ്പോള്‍ പരാജയപ്പെടുന്നതല്ല തെളിയിക്കപ്പെടാനും സ്ഥിരീകരിക്കപ്പെടാനും ചെയ്യാനുള്ളതാണ് വിശ്വാസം. അത്ഭുതങ്ങളുടെയും അട യാളങ്ങളുടെയും വലിയ സാക്ഷ്യങ്ങള്‍ കേരളസഭയ്ക്കുണ്ട്. ക്ഷതങ്ങളുടെയും ശൂന്യതകളുടേയും വിശ്വാസമാണ് കേരളസഭയ്ക്ക് ഇന്ന് അനിവാര്യം. മുറിവുകളെ തൊട്ട് നടത്തിയ വിശ്വാസപ്രഖ്യാപനത്തിന്റെ അപ്പസ്‌തോലികപാരമ്പര്യം സഭാഗാത്രത്തിലെ മുറിവുകളാല്‍ തന്നെ ധന്യമാക്കപ്പെടാനുള്ളതാണ്. ഇത്തരം പ്രതിസന്ധികളിലൂടെ കേരളസഭയുടെ വിശ്വാസം കൂടുതല്‍ പക്വതയും സ്ഫുടതയും കൈവരിക്കുന്നതു കാണാം. സഭയിലെ ഹൈരാര്‍ക്കി വ്യന്ദത്തിന്റെ അപചയങ്ങളും പ്രതിസാക്ഷ്യങ്ങളുമാണ് എന്നും പ്രത്യേകിച്ച് ഇക്കാലത്ത് ലോകത്തിന് മുന്നില്‍ സഭയെ നാണം കെടുത്തിയിട്ടുള്ളത്.

അനര്‍ഹരായവര്‍ ജറുസലേമിന്റെ തെരുവുകളെ മലിനമാക്കുമ്പോഴും, 'അച്ചാ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' എന്നുച്ചരിക്കുന്ന സത്യവിശ്വാസികളുടെ അധരങ്ങള്‍ തളരുന്നില്ല എന്നത് കേരളത്തിന്റെ ഉദാത്ത വിശ്വാസത്തിന്റെ വലിയ മുതല്‍ക്കൂട്ടുകളാണ്. കൊട്ടിയൂര്‍ സംഭവത്തില്‍ കൂറ്റക്കാരനായ വൈദികന്‍ നിരപരാധിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു നല്ല ശതമാനം വിശ്വാസികളുണ്ടത്രേ! സഭയെന്ന വികാരത്താല്‍ സ്വയം അന്ധമാകുന്ന ഈ വിശ്വാസീഗണം സഭയ്ക്ക് ഒരുപോലെ മുതല്‍കൂട്ടും ബാധ്യതയുമാണ്. ഈ സമൂഹത്തോട് മാത്രം സംവദിക്കുന്ന ശൈലി അറിയാതെ രൂപപ്പെടുത്തുന്ന സഭ നാളെ ഈ ഗണത്തിന്റെ അനുപാതം ഗണ്യമായി താഴുമ്പോള്‍ ഒത്തിരി അപ്രസക്തമായി മാറുന്നു.

യഥാര്‍ത്ഥമായ വിശ്വാസത്തിന്റെ പരിശീലനം നാം പകര്‍ന്നു നല്‍കുന്നുണ്ടോ എന്നതാണ് ചോദ്യം. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരില്‍ കുടുങ്ങിക്കിടക്കുന്ന വിശ്വാസത്തെ ക്രിസ്തുവിലേക്കു തന്നെ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാനുള്ള അവസരങ്ങളാണ് പ്രതിപുരുഷന്മാരുടെ പ്രതിസാക്ഷ്യങ്ങള്‍. സമരിയാക്കാരി സ്ത്രീയോട് സിക്കാര്‍ നിവാസികള്‍ പറഞ്ഞത് ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് നീ പറഞ്ഞതുകേട്ടിട്ടല്ല, ഞങ്ങള്‍ തന്നെ നേരിട്ടറിഞ്ഞിട്ടാണ് എന്നാണ്. ഇതാണ് സിക്കാര്‍ പട്ടണ വിശ്വാസികളുടെ പ്രായപൂര്‍ത്തി കൈവരിച്ച വിശ്വാസ മാതൃക. മുതിര്‍ന്നവര്‍ക്ക് തന്നെ പറഞ്ഞുകൊടുക്കേണ്ട ശരിയായ വിശ്വസപാഠങ്ങളുടെ വെല്ലുവിളികളാണ് സമീപ കാല കോടതിവിധികള്‍ കൊണ്ടുവരുന്നത്. നിയമം മൂലം വിലക്കപ്പെട്ടിരിക്കുന്നതുകൊണ്ടല്ല, സ്വാതന്ത്രരായിരിക്കുമ്പോഴാണ് പാപപുണ്യങ്ങളുടെ യഥാര്‍ത്ഥ വിവേചനം സത്യവിശ്വാസി കാണിക്കേണ്ടത്.

ഇത്തരുണത്തില്‍ കോടതിവിധികള്‍ വെല്ലുവിളിപോലെ തന്നെ വിശ്വാസത്തിന്റെ മാറ്റുരുക്കാനുള്ള അവസരങ്ങള്‍ കൂടിയാണ്. പ്രതിവിധികളുടെ അന്വേഷണവും നമ്മുടെ ചര്‍ച്ചയുടെ വിഷയമാണല്ലോ. അടിസ്ഥാനകാരണങ്ങളുടെ തിരിച്ചറിവില്‍ തന്നെ ശരിയായ പ്രതിവിധികള്‍ക്കുള്ള ദിശാസൂചനകളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 'ഇതും കടന്നുപോകും' എന്ന സമീപനം പുലര്‍ത്തി പ്രശ്‌നങ്ങളെ തമസ്‌കരിക്കുന്നത് തിരുസഭയോടുകാണിക്കുന്ന അനാദരവും ഉത്തരവാദിത്വമില്ലായ്മയുമായിരിക്കും. അമേരിക്കന്‍ സഭ ഇക്കാര്യത്തില്‍ ചില ആശാവഹമായ സൂചനകള്‍ തരുന്നുണ്ട്. 2004-ല്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമേരിക്കന്‍ മെത്രാന്‍ സമിതി പുറപ്പെടുവിച്ച 'ഡള്ളസ് ചാര്‍ട്ടര്‍' വളരെ വിഖ്യാതമാണ്.

ഒരു കര്‍ദ്ദിനാളോ വൈദികനോ അംഗമാകാതെ പ്രഗത്ഭരായ സാമൂഹ്യശാസ്ത്രജ്ഞന്മാരെയും നിയമവിദഗ്ദരെയും സാംസ്‌കാരികനേതാക്കളെയും മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പന്ത്രണ്ടംഗ കമ്മീഷന്‍ രൂപീകരിച്ചു. അവര്‍ കൊണ്ടുവന്ന മാര്‍ഗ്ഗരേഖയാണ് ഡള്ളസ് ചാര്‍ട്ടര്‍. വളരെ വിപ്ലവാത്മകമായ ചുവടുവെയ്പായിരുന്നു അത്. തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടുകയില്ല എന്നാണ് ഡള്ളസ് ചാര്‍ട്ടര്‍ ചര്‍ച്ച ചെയ്ത് അമേരിക്കന്‍ മെത്രാന്‍ സമിതി പറഞ്ഞത്. എന്നാല്‍ പിന്നീട് മെത്രാന്മാരും കര്‍ദ്ദിനാളന്മാരും കുറ്റാരോപിതരായപ്പോള്‍ ഡള്ളസ് ചാര്‍ട്ടറിനും പരിമിതികളുണ്ട് എന്നും അതുപോലും അപര്യാപ്തമായിരുന്നു എന്നുമാണ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് പറഞ്ഞത്.

ഇതിന്റെ വെളിച്ചത്തില്‍ മെത്രാന്‍സമിതിയുടെ തീരുമാനങ്ങളും നടപടിക്രമങ്ങളും മാര്‍പാപ്പയെ അറിയിച്ചു. മാര്‍പ്പാപ്പയാകട്ടെ മെത്രാന്‍മാര്‍ തമ്മില്‍ തമ്മിലും മാര്‍പ്പാപ്പയോടുമുളള ഐക്യത്തില്‍ വളരാന്‍ പ്രതേക ധ്യാനം നടത്താന്‍ ആവശപ്പെട്ടിരിക്കുകയാണ്. അതിനായി റോമില്‍ നിന്നും പ്രത്യേക ധ്യാനഗുരുവിനെയും അയച്ചുകൊടുക്കുന്നു. ജലന്തര്‍ വിഷയത്തിന്റെ ശരി തെറ്റുകള്‍ ഇനിയും വേര്‍തിരിക്കപ്പെടാനിരിക്കുന്നതേയുള്ളു. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുമ്പോഴും അരൂപിക്ക് നിയമത്തിന്റെ വഴി മാത്രമല്ല ഉള്ളത്. ഘടനാപരമായും നിയമപരമായും ധാര്‍മ്മികമായും സഭയിലെ ചില blind spot ഈ വിവാദം കാട്ടിത്തരുന്നുണ്ട്. അവയെ യഥോചിതം തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ കണ്ടത്തേണ്ടതുണ്ട്.

ഒരു സ്വതന്ത്ര വിദഗ്ദസമിതിയുടെ നേതൃത്വത്തില്‍ സുതാര്യവും സമഗ്രവുമായ വിശകലനം തന്നെ ഇനിയും തുടങ്ങിയിട്ടില്ലെങ്കില്‍ അത് തീര്‍ത്തും നിരാശാജനകമാണ്. പ്രാര്‍ത്ഥനയുടെ ആഹ്വാനങ്ങളും വാഗ്ദാനങ്ങളും നമ്മള്‍ ഒത്തിരി കേട്ടു. ഏറ്റവും പരിപാവനമായ ഈ പ്രതിവിധി തന്നെ ഒന്നും ചെയ്യാനും പറയാനും തയ്യാറല്ലാത്തവന്റെ സ്വയം പ്രതിരോധത്തിന്റെ മന്ത്രവുമായി ഉപയോഗിക്കപ്പെട്ടേക്കാം. നീതിപൂര്‍വ്വകമായ പ്രാര്‍ത്ഥനയുടെ നിര്‍ബന്ധങ്ങള്‍ തന്നെയാണ് തുടര്‍നടപടികള്‍ എന്ത് എന്ന ചോദ്യവും. പ്രതിവിധികള്‍ അറിയാത്തതല്ല, പ്രതിവിധികള്‍ വേണ്ടാത്തതിന്റെ സുരക്ഷിതത്വമാണ് നാം ഇന്ന് ഏറെ ഭയപ്പെടേണ്ടത്. വേദനിപ്പിക്കുന്ന പ്രതിവിധികള്‍ ആരായാനുള്ള ധൈര്യം തരണമേ എന്ന പ്രാര്‍ത്ഥന തന്നെ പ്രഥമ പ്രതിവിധി!


Related Articles »