News - 2024

ക്രിസ്തീയ കാഴ്ചപ്പാടുമായി ഹംഗറി മുന്നോട്ട്

സ്വന്തം ലേഖകന്‍ 08-11-2018 - Thursday

ബുഡാപെസ്റ്റ്, ഹംഗറി: യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും വിഭിന്നമായി ക്രിസ്തീയമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി ശ്രദ്ധേയനായ വിക്ടര്‍ ഒര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗേറിയന്‍ സര്‍ക്കാര്‍ രാജ്യത്തെ ജനസംഖ്യാ നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ പദ്ധതിയുമായി മുന്നോട്ട്. പഴയകാലത്തേ പോലെ കൂടുതല്‍ കുട്ടികള്‍ ഉള്ള വലിയകുടുംബം സൃഷ്ടിക്കുവാന്‍ സ്വന്തം പൗരന്‍മാരെ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തെ കുറഞ്ഞ ജനസംഖ്യാനിരക്ക് കൂട്ടുവാനാണ് ഹംഗറി പദ്ധതിയിടുന്നത്.

എപ്രകാരം രാഷ്ട്രത്തിന് കൂടുതല്‍ ഫലപ്രദമായി കുടുംബങ്ങളെ സഹായിക്കുവാന്‍ കഴിയും എന്നതിനെ കുറിച്ച് പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞുകൊണ്ട് ഏതാണ്ട് 80 ലക്ഷത്തോളം സര്‍വ്വേപത്രങ്ങള്‍ അടുത്തമാസത്തോടെ വിതരണം ചെയ്യുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ കുട്ടികള്‍ക്കായി നവദമ്പതികളെ പ്രോത്സാഹിപ്പിക്കേണ്ടതെങ്ങിനെ?, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലി സമയം ? തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളും സര്‍വ്വേയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

2010-ല്‍ പ്രധാനമന്ത്രിയായ ശേഷം വിക്ടര്‍ ഓര്‍ബാന്‍ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഫലപ്രദമായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-ഓടെ രാജ്യത്തെ അബോര്‍ഷന്റെ നിരക്ക് 40,449-ല്‍ നിന്നും 28,500 ആയി കുറഞ്ഞു, അതായത്, മൂന്നിലൊന്ന് കുറവ്. വിവാഹ മോചനങ്ങളുടെ എണ്ണം 2010-ല്‍ 23,873 ആയിരുന്നത് 2017 ആയപ്പോഴേക്കും 18,600 ആയി കുറഞ്ഞു. വിവാഹങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 2010-ല്‍ 35,520 വിവാഹങ്ങള്‍ നടന്നുവെങ്കില്‍ 2017 ആയപ്പോഴേക്കും അത് 50,600 ആയി കൂടുകയാണ് ചെയ്തത്.

ഓരോ യൂറോപ്യന്‍ രാജ്യവും തങ്ങളുടെ ക്രിസ്ത്യന്‍ മൂല്യങ്ങളും, പാരമ്പര്യങ്ങളും, രാജ്യാതിര്‍ത്തികളും സംരക്ഷിക്കുവാന്‍ ബാധ്യതയുണ്ടെന്ന് ഓര്‍ബാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓർബാന്റെ ക്രിസ്തീയമായ കാഴ്ചപ്പാടുകള്‍ രാജ്യത്ത് ഒരുപാട് നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.


Related Articles »