India - 2024

കുമ്പസാര അവഹേളനം: കത്തോലിക്ക മെത്രാന്‍ സമിതി മുഖ്യമന്ത്രിക്കു പരാതി നല്‍കി

സ്വന്തം ലേഖകന്‍ 09-11-2018 - Friday

കൊച്ചി: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിജ്ഞാന കൈരളി മാസികയില്‍ കുമ്പസാരത്തെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതി മുഖ്യമന്ത്രിക്കു പരാതി നല്‍കി. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം എന്നിവരാണ് സംയുക്ത പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത്. ശബരിമലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതാന്‍ ചീഫ് എഡിറ്റര്‍ ക്രൈസ്തവ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും മറയാക്കിയത് വളരെ നീചമായിപ്പോയെന്നു മെത്രാന്മാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും മതാനുഷ്ഠാനങ്ങളെക്കുറിച്ചും വിജ്ഞാനകൈരളിയുടെ എഡിറ്റര്‍ക്കുള്ള അജ്ഞത മാത്രമല്ല, അയാളുടെ മനസിലെ മതവിരുദ്ധതയും വര്‍ഗീയ വിദ്വേഷവും പ്രകടമാക്കുന്ന പരാമര്‍ശങ്ങളാണിവ. ഇതിനെതിരേ സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായരുടെ പേരില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെ വിശ്വാസവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും ചെയ്തത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

പൗരോഹിത്യത്തെക്കുറിച്ചും കുമ്പസാരം എന്ന കൂദാശയെക്കുറിച്ചും മുഖപ്രസംഗത്തില്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനുമുള്ള സാമാന്യ മര്യാദപോലും വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ കാണിച്ചിട്ടില്ല. വിശദീകരണക്കുറിപ്പില്‍ മുഖപ്രസംഗത്തിലെ മോശം പരാമര്‍ശങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ച്, കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമാണ് നടത്തിയിരിക്കുന്നത്. വിശ്വാസവും കുമ്പസാരവുമൊക്കെ ലൈംഗികാസക്തി തീര്‍ക്കുന്നതിനുള്ള വെറും ഉപകരണമായിതീര്‍ന്നു എന്ന മുഖപ്രസംഗത്തിലെ ദുഃസൂചനയും ഇനിമുതല്‍ ഒരു സ്ത്രീയും ആരുടെ മുന്പിലും കുന്പസാരിക്കരുത് എന്ന ആഹ്വാനവും ചീഫ് എഡിറ്ററുടെ മതവിരുദ്ധതയ്ക്കും വര്‍ഗീയതയ്ക്കും തെളിവാണെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.


Related Articles »