India - 2024

അഭിഭാഷകര്‍ മനുഷ്യാവകാശത്തിന്റെ പ്രസരിപ്പുള്ള പ്രവാചകരാകണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

സ്വന്തം ലേഖകന്‍ 09-11-2018 - Friday

കൊച്ചി: അഭിഭാഷകര്‍ മനുഷ്യാവകാശത്തിന്റെ പ്രസരിപ്പുള്ള പ്രവാചകരാകണമെന്നും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനവും അജപാലനശുശ്രൂഷ തന്നെയാണെന്നും സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. അഭിഭാഷകരായ വൈദികരുടെയും സമര്‍പ്പിതരുടെയും ദേശീയ സമ്മേളനം പിഒസിയില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കായി കോടതിയുടെ മുന്നിലെത്താന്‍ സാധിക്കാത്ത സാധാരണ മനുഷ്യനു സഹായകമാകുന്ന ദേശീയതലത്തിലുള്ള ഒരു മിഷ്ണറി നെറ്റ്വര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരായ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദിക, സന്യസ്ത അഭിഭാഷക ഫോറത്തിന്റെ ദേശീയ അധ്യക്ഷന്‍ ഫാ. പി.ഡി. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് മുഖ്യാതിഥിയായിരുന്നു. പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള ഫോറം കണ്‍വീനര്‍ ഫാ. തോമസ് ജോസഫ് തേരകം, ദേശീയ ഉപാധ്യക്ഷ സിസ്റ്റര്‍ ജൂലി ജോര്‍ജ്, ഫാ. സ്റ്റീഫന്‍, സിസ്റ്റര്‍ ജോയ്‌സി, ഫാ.സിബി പാറടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭാരതത്തിലെ 14 സംസ്ഥാനങ്ങളില്‍നിന്നായി 75 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »