Youth Zone - 2024

ലോക യുവജന സംഗമത്തിന് കുമ്പസാരക്കൂട് നിര്‍മ്മിക്കുന്നത് തടവുപുള്ളികള്‍

സ്വന്തം ലേഖകന്‍ 09-11-2018 - Friday

പനാമ: അടുത്ത വര്‍ഷം ജനുവരിയില്‍ പനാമയില്‍ നടക്കുവാന്‍ പോകുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ചുള്ള അനുരജ്ഞന കൂദാശയ്ക്കായി കുമ്പസാരക്കൂടുകള്‍ പണിയുന്നത് ജയില്‍പ്പുള്ളികള്‍. പനാമയിലെ കേന്ദ്ര ജയിലിലെ മരപ്പണിക്കാരായ 35 തടവുകാരാണ് 250 കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷകണക്കിന് യുവജനങ്ങള്‍ക്കു “കാരുണ്യോദ്യാനം” (Park of Mercy) എന്ന വേദിയിലാണ് കുമ്പസാരിക്കാനുള്ള സൗകര്യം.

യുവജനങ്ങളുടെ ആത്മീയ ഉണര്‍വിന് കാരണമാകുന്ന കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത് തങ്ങള്‍ക്ക് ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ അനുഭവമാണെന്ന് ജയില്‍പ്പുള്ളികള്‍ പങ്കുവച്ചതായി യുവജനോത്സവത്തിന്‍റെ സംഘാടക സമിതി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുവജന സംഗമത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലെ വരയും വളവും നിറക്കൂട്ടും ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ അലങ്കാരത്തോടെയാണ് പനാമയിലെ ഇന്‍റീരിയര്‍ ഡിസൈനര്‍, ലിലിബെത് ബെന്നല്‍ രൂപകല്‍പ്പന ചെയ്ത കുമ്പസാര കൂടുകള്‍ നിര്‍മ്മിക്കുന്നത്.

തെക്കെ അമേരിക്കയിലെ പനാമ നഗരത്തില്‍ 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് ലോക യുവജന സംഗമം അരങ്ങേറുന്നത്. മറ്റു വൈദികര്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പയും കാരുണ്യോദ്യാനത്തില്‍ എത്തി അനുരഞ്ജനത്തിന്‍റെ കൂദാശ പരികര്‍മ്മം ചെയ്യുമെന്നു സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »