India - 2024

ക്രൈസ്തവ സമൂഹത്തെ മാറ്റി നിര്‍ത്തി കേരളത്തിന് സാംസ്‌കാരിക ചരിത്രമില്ല: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

സ്വന്തം ലേഖകന്‍ 11-11-2018 - Sunday

ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തില്‍ ക്രൈസ്തവ സഭകള്‍ ചെയ്ത സേവനങ്ങള്‍ വലുതാണെന്നും ക്രൈസ്തവ സമൂഹത്തെ മാറ്റി നിര്‍ത്തി കേരളത്തിന് ഒരു സാംസ്‌കാരിക ചരിത്രമില്ലായെന്നും കാലടി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലറും മുന്‍ പിഎസ്‌സി ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സ്ഥാപിച്ചതിന്റെ തൊള്ളായിരം വാര്‍ഷിക (നവമ ശതാബ്ദി) സമാപനത്തോടനുബന്ധിച്ചു നടന്ന മത സൗഹാര്‍ദ സഭൈക്യസമ്മേളനത്തില്‍ 'സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ക്രൈസ്തവരുടെ സംഭാവനകള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേരള നവോത്ഥാനത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വഹിച്ച പങ്ക് ചെറുതല്ല. ജാതിമതവ്യത്യാസം കൂടാതെ വിദ്യാഭ്യാസം സാര്‍വത്രികമാക്കിയതിന്റെ മഹത്വം സിഎംഐ സഭയുടെ സ്ഥാപകന്‍ കൂടിയായ ചാവറ അച്ചനുണ്ട്. 1864ല്‍ പള്ളിയോടൊപ്പം പള്ളിക്കൂടമെന്ന ചാവറയച്ചന്റെ ആശയം കേരള നവോത്ഥാനത്തിന് പുതിയ അധ്യായം കുറിച്ചു.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും അനാചാരങ്ങള്‍ക്ക് അടിമപ്പെട്ടും കഴിഞ്ഞിരുന്ന കേരളസമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്നതിന് ചാവറ അച്ചന്റെ പാഠശാലകള്‍ ഏറെ സഹായകമായി. വിദ്യാഭ്യാസ ശുശ്രൂഷയെ മഹനീയ സേവനമാക്കുന്നതില്‍ സന്യാസിനികള്‍ നിര്‍വഹിച്ചുവരുന്നത് മഹത്തരമായ സേവനമാണ്. ചങ്ങനാശേരി അതിരൂപതയ്ക്കു വിദ്യാഭ്യാസരംഗത്ത് മഹത്തായ പാരന്പര്യമാണുള്ളതെന്നും ഇക്കാര്യങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണെന്നും ഡോ.രാധാകൃഷ്ണന്‍ പറഞ്ഞു.

More Archives >>

Page 1 of 202