India - 2024

ക്രൈസ്തവര്‍ പ്രതിസന്ധികളില്‍ പതറേണ്ടവരല്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

സ്വന്തം ലേഖകന്‍ 12-11-2018 - Monday

ചങ്ങനാശേരി: ക്രൈസ്തവര്‍ പ്രതിസന്ധികളില്‍ പതറേണ്ടവരല്ലായെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സ്ഥാപനത്തിന്റെ തൊള്ളായിരം വാര്‍ഷിക (നവമശതാബ്ദി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളേറിയാലും കാരുണ്യപ്രവൃത്തികളില്‍ നിന്നു ക്രൈസ്തവ സമൂഹം പിന്‍വാങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചങ്ങനാശേരിയുടെ ആത്മീയ, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചാരംഗങ്ങളില്‍ ചങ്ങനാശേരി പള്ളിയും വിശ്വാസസമൂഹവും ഒന്‍പതു നൂറ്റാണ്ടായി നിര്‍വഹിച്ചതു മഹത്തായ സേവനമാണ്. ഓരോ പള്ളിയുടെയും ചരിത്രം ഓരോ ദേശത്തെയും സ്വാധീനിക്കുന്നത് അവയുടെ ആത്മീയ വിശ്വാസപാരന്പര്യങ്ങളിലും കൂട്ടായ്മയില്‍ നിന്നുമാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനം സംശയിക്കുന്ന ചരിത്രകാരന്മാര്‍ക്കു കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസ പാരന്പര്യങ്ങള്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ സജീവ സാന്നിധ്യത്തിന്റെ ഉജ്വലമായ സാക്ഷ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളിലും വെല്ലുവിളികളിലും സമാധാനത്തിലും കൂട്ടായ്മയിലും ആത്മീയതയിലും നയിക്കപ്പെട്ട ചരിത്രമാണു ചങ്ങനാശേരിയിലെ െ്രെകസ്തവ സമൂഹത്തിനുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് പൂ[ആരാഞ്ഞു. ഇപ്പോഴത്തെ ചില കോടതിവിധികള്‍ വിശ്വാസ, ധാര്‍മിക, കുടുംബ ശൈഥില്യങ്ങള്‍ക്കു കാരണമാകുമെന്നും മാര്‍ പെരുന്തോട്ടം ഉത്കണ്ഠ പ്രകടിപ്പിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സഭ പഠിപ്പിക്കുന്നതു വിശ്വാസവും വിശുദ്ധിയുമാണ്. നിയമങ്ങള്‍ രാജ്യത്തിന്റെ ഭാഗമാണെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വിദ്യാഭ്യാസ സഹായനിധിയുടെയും വിവാഹ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളിയോടൊപ്പം പ്രവര്‍ത്തിച്ച പള്ളിക്കൂടങ്ങളും ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് കേരളസമൂഹത്തെ വിദ്യാസമ്പന്നമാക്കിയതെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സുവനീര്‍ പ്രകാശനം ചെയ്തു.

സി.എഫ്. തോമസ് എംഎല്‍എ, വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. മാത്യു മുളങ്ങാശേരി, സിഎംസി ഹോളിക്വീന്‍സ് പ്രൊവിന്‍ഷ്യല്‍ ഡോ.സിസ്റ്റര്‍ സുമ റോസ്, കേന്ദ്ര ഇക്കണോമിക്‌സ് അഫയര്‍ ജോയിന്റ് ഡയറക്ടര്‍ റോസ്‌മേരി ഏബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ.സ്റ്റീഫന്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »