News - 2024

നൈജീരിയയില്‍ ബന്ധികളാക്കിയ വൈദികര്‍ മോചിതരായി

സ്വന്തം ലേഖകന്‍ 12-11-2018 - Monday

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയായില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപ്പോയ നാല് കത്തോലിക്ക വൈദികര്‍ മോചിതരായി. ഡെല്‍റ്റ സംസ്ഥാനത്ത് നിന്നാണ് കഴിഞ്ഞ ആഴ്ച വൈദികരെ തട്ടിക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോലീസിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അക്രമികള്‍ വൈദികരെ മോചിപ്പിക്കുകയായിരിന്നു. ലീബു ഒഡേ രൂപതാ വൈദികനായ ഫാ. വിക്ടര്‍ ആഡിഗ്ബോളുജ, അഭേഒകൂട്ട രൂപതയിലെ വൈദികന്‍ ആന്‍റണി ഒടേഗ്ബോല, ബെനിന്‍ അതിരൂപതയിലെ വൈദികന്‍ ജോസഫ് എഡിയെ, വാരി രൂപതയിലെ ഇമ്മാനുവേല്‍ ഒബഡ്ജെറെ എന്നിവരാണ് മോചിക്കപ്പെട്ടവര്‍.

മോചിക്കപ്പെട്ട വൈദികരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൈജീരിയയിൽ കത്തോലിക്ക സന്യസ്ഥരെ തട്ടിക്കൊണ്ടു പോകുന്നത് പതിവ് സംഭവമാണ്. കഴിഞ്ഞ ആഴ്ച ഡെല്‍റ്റ സംസ്ഥാനത്ത് നിന്നും മിഷ്ണറി ഓഫ് മർത്ത ആൻഡ് മേരി സഭാംഗങ്ങളായ അഞ്ചു സന്യസ്ഥരെ തട്ടിക്കൊണ്ടു പോയിരിന്നു. ഇതിന് പിന്നാലെ ഏതാനും ദിവസം മുന്‍പ് വാരി രൂപതയിലെ ഒരു വൈദികനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപ്പോയി. ദുഃഖകരമായ വാര്‍ത്തകള്‍ക്ക് നടുവില്‍ പ്രതീക്ഷയുടെ സദ്വാര്‍ത്തയായാണ് കഴിഞ്ഞ ദിവസം വൈദികര്‍ മോചിക്കപ്പെട്ട വിവരം നൈജീരിയന്‍ കത്തോലിക്കര്‍ ഏറ്റെടുത്തത്.


Related Articles »