News - 2024

നാലു വര്‍ഷത്തിന് ശേഷം ഇറാഖിലെ പുരാതന ക്രിസ്ത്യന്‍ സ്കൂളിന് പുനര്‍ജന്മം

സ്വന്തം ലേഖകന്‍ 14-11-2018 - Wednesday

മൊസൂള്‍, ഇറാഖ്: ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്നു കഴിഞ്ഞ നാല് വര്‍ഷമായി അടഞ്ഞു കിടന്ന മൊസൂളിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനമായ ഷിമോണ്‍ സഫാ എലിമെന്ററി സ്കൂള്‍ തിരിച്ചു വരവിന്റെ പാതയില്‍. 6നും 12നും ഇടയിലുള്ള നാനൂറോളം കുട്ടികളെയാണ് സ്കൂള്‍ ഭരണകൂടം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തത്. ഷിമോണ്‍ സഫാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ സ്കൂള്‍ 2014-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ്‌ അടച്ചുപൂട്ടിയത്. തീവ്രവാദത്തിനെതിരെയുള്ള ഒരു വിജയമായിട്ടാണ് ഇറാഖിന്റെ പൈതൃകത്തിന്റെ ഭാഗമായ സ്കൂളിന്റെ തിരിച്ചുവരവിനെ ഏവരും വിശേഷിപ്പിക്കുന്നത്.

മൊസൂള്‍ നഗരത്തിലെ ‘അല്‍-സാ’യിലുള്ള ഈ പുരാതന സ്കൂളിന്റെ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടന്നു വരികയാണ്. സ്കൂള്‍ പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലാകുന്നതിന്, സാമ്പത്തികവും, അല്ലാത്തതുമായ സഹായങ്ങളുടെ ആവശ്യം ഇനിയുമുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ചരിത്രപരമായ ഈ സ്കൂളിലേക്ക് കുട്ടികളെ അയക്കുവാന്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക താല്‍പര്യം ഉള്ളതിനാല്‍, വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1980-വരെ മൊസൂളില്‍ ഇരുപതോളം ക്രിസ്ത്യന്‍ സ്കൂളുകളായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ 1990-ലെ ഗള്‍ഫ് യുദ്ധത്തെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തെയും തുടര്‍ന്നു ഈ സ്കൂളുകള്‍ അടച്ചു പൂട്ടുകയായിരുന്നു. ഇവയില്‍ ഏറ്റവും പഴയ സ്കൂളാണ് ഷിമോണ്‍ സഫാ പ്രീസ്റ്റ്ലി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഷിമോണ്‍ സഫാ എലിമെന്ററി സ്കൂള്‍. മൊസൂളില്‍ വിദ്യഭ്യാസം നേടിയിട്ടുള്ള ഏറ്റവും പഴയ തലമുറക്ക് പോലും ഈ സ്കൂളിന്റെ ഓര്‍മ്മകള്‍ കാണുമെന്ന് മൊസൂള്‍ സര്‍വ്വകലാശാലയിലെ ആധുനിക ചരിത്രവിഭാഗം പ്രൊഫസ്സറായ ഇബ്രാഹിം അല്‍-അല്ലാഫ് പറയുന്നു.

സന്നദ്ധ സേവകരുടേയും, മൊസൂള്‍ നിവാസികളുടെ സംഭാവനകളും, പ്രയത്നങ്ങളുമാണ് പുരാതന സ്കൂള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാളായ അഹമദ് താമെര്‍ അല്‍ സാദി അറിയിച്ചു. ജാതി-മത ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ ഒരു സ്കൂളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഗല്‍ഭരായ ഡോക്ടര്‍മാരും, കലാകാരന്‍മാരും, എഴുത്തുകാരുമായ പലരും ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. മൊസൂളില്‍ സമാധാനം തിരിച്ചുവരുന്നതിന്റെ സൂചനയായിട്ടാണ് ഷിമോണ്‍ സഫാ എലിമെന്ററി സ്കൂളിന്റെ തിരിച്ചുവരവിനെ നിനവേയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ജെനറലായ വാഹിദ് ഫരീദ് വിശേഷിപ്പിക്കുന്നത്.


Related Articles »