News - 2024

മെത്രാന്‍ ഭൗതിക വസ്തുക്കളുടെ കാര്യസ്ഥനല്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 14-11-2018 - Wednesday

വത്തിക്കാന്‍ സിറ്റി: മെത്രാന്‍ ഭൗതികവസ്തുക്കളുടെയോ അധികാരത്തിന്‍റെയോ കാര്യസ്ഥനല്ലായെന്നും മറിച്ച് ദൈവത്തിന്‍റെ വിനയാന്വിതനും സൗമ്യശീലനുമായ കാര്യസ്ഥന്‍ ആയിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. തിങ്കളാഴ്ച വിശുദ്ധ ജോസഫാത്തിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയായ സാന്ത മാര്‍ത്ത കപ്പേളയില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മെത്രാന്റെ ദൗത്യത്തെ കുറിച്ച് വിവരിക്കുന്ന പൗലോസ് അപ്പസ്തോലന്‍ തീത്തോസിനെഴുതിയ ലേഖനത്തിലെ ഭാഗങ്ങളായിരിന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

മെത്രാന്‍ ഭൗതികവസ്തുകളുടെയോ അധികാരത്തിന്‍റെയോ കാര്യസ്ഥനല്ലയെന്നും സദാ സ്വയം തിരുത്തുകയും താന്‍ ദൈവത്തിന്‍റെ കാര്യസ്ഥനാണോ, അതോ, കച്ചവടക്കാരനാണോ എന്ന് ആത്മശോധന ചെയ്യുകയും ചെയ്യേണ്ടവനാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. മെത്രാന്‍ അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉള്ളവനായിരിക്കരുത്. ദൈവത്തിന്‍റെ ശുശ്രൂഷകന്‍ നന്മയോടു പ്രതിപത്തിയുള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണമുള്ളവനും അവനു നല്‍കപ്പെട്ട വിശ്വാസയോഗ്യമായ വചനത്തോടും വിശ്വസ്തത പുലര്‍ത്തുന്നവനും ആയിരിക്കണം. ഒരു മെത്രാനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങളില്‍ ആദ്യം തന്നെ ഈ ഗുണവിശേഷങ്ങള്‍ ഉള്ളവനാണോ എന്ന ചോദ്യം ഉന്നയിക്കുക ഉചിതമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.


Related Articles »