News - 2024

ഒരു വര്‍ഷത്തെ പരിശീലനം: നവ ദമ്പതികളെ ആത്മീയമായി ഒരുക്കുവാന്‍ സിംഗപ്പൂര്‍ സഭ

സ്വന്തം ലേഖകന്‍ 14-11-2018 - Wednesday

സിംഗപ്പൂർ: വിവാഹ ജീവിതത്തിനു നവ ദമ്പതികളെ ആത്മീയമായും മാനസികമായും പ്രത്യേകം ഒരുക്കുവാന്‍ പദ്ധതിയുമായി സിംഗപ്പൂര്‍ കത്തോലിക്ക സഭ. വിവാഹ തീയതി നിശ്ചയിച്ചശേഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവാഹ ഒരുക്ക പരിപാടികളിൽ ഭാവിദമ്പതിമാർ പങ്കെടുക്കണമെന്നാണ് സിംഗപ്പൂർ അതിരൂപത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒക്ടോബര്‍ മാസത്തില്‍ അതിരൂപതയിലെ വൈദികരുമായി ആലോചന നടത്തിയതിന് ശേഷമാണ് ആര്‍ച്ച് ബിഷപ്പ് വില്യം ഗോഹ് സെങ്ങ് ചൈ ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ഒരു വർഷംമുമ്പേ വിവാഹ തിയതി നിശ്ചയിക്കണമെന്നും ഭേദഗതിയിൽ അനുശാസിക്കുന്നുണ്ട്. നേരത്തെ ഇത് ആറു മാസമായിരുന്നു.

വിവാഹ ഒരുക്കത്തിനായി ഭാവി ദമ്പതിമാർ ആവശ്യത്തിന് സമയം എടുക്കുന്നുണ്ടെന്ന് അതാത് ഇടവകകൾ ഉറപ്പുവരുത്തണമെന്നും അതിരൂപത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നു. വിവാഹ ജീവിതത്തിന് കൂടുതൽ ഊഷ്മളത വരുത്തുന്നതിനൊപ്പം വിവാഹമോചനങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന പുതിയ പരിശീലനത്തെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം പുതിയ ഭേദഗതി ഇതര ക്രൈസ്തവ വിഭാഗങ്ങൾക്കും പിന്തുടരാവുന്നതാണെന്ന അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്.


Related Articles »