News - 2024

ജയില്‍ മോചിതയായെങ്കിലും ആസിയ ബീബിയുടെ ഭാവി അനിശ്ചിതത്വത്തിൽ

സ്വന്തം ലേഖകന്‍ 15-11-2018 - Thursday

ഇസ്ലാമാബാദ്: മതനിന്ദ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തയായ ആസിയ ബീബിയുടെ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തില്‍. ഭരണകൂടവുമായി രഹസ്യധാരണയിലെത്തിയ ഇസ്ളാമിക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യം വിടാൻ സാധിക്കാത്ത നിസ്സഹായവസ്ഥയിലാണ് ആസിയ ബീബിയെന്നാണ് പുറത്തു വരുന്ന സൂചനകൾ. അവരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യാതൊരു നടപടിക്കും ഭരണകൂടം അനുമതി നല്കിയിട്ടില്ലെന്ന് റിനൈയ്‌സന്‍സ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ജോസഫ് നദീം വ്യക്തമാക്കി.

മാധ്യമങ്ങൾ പുറത്തിറക്കുന്ന വാർത്തകളിൽ പലതും വസ്തുത വിരുദ്ധമാണെന്നും ആസിയ ബീബി രഹസ്യ സങ്കേതത്തിൽ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയായാൽ ആസിയയെ സ്വീകരിക്കാൻ കാനഡ ഇപ്പോഴും ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ഒന്നാം ലോകമഹായുദ്ധ ശതാബ്ദി സമ്മേളനത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരിന്നു. എന്നാൽ, ഇസ്ളാമിക തീവ്രവാദികൾ എംബസികൾ ആക്രമിക്കുമെന്ന ഭീതിയിൽ ആസിയ ബീബിയ്ക്ക് സംരക്ഷണം ഒരുക്കാൻ യുകെ വിസമ്മതം അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

നേരത്തെ ആസിയ ബീബിയുടെ ഭർത്താവ് ആഷിക്ക് മസിഹ് യുകെ, യുഎസ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം അത്യന്തം വേദനാജനകമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ വോയ്സ് സംഘടന അദ്ധ്യക്ഷൻ അബ്രഹാം മത്തായി അഭിപ്രായപ്പെട്ടു. പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടാണ് ആസിയ ജയില്‍ മോചിതയായത്. ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് മോചനം വൈകിയത്. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും.


Related Articles »