India - 2024

സഭയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്വം അല്‍മായ സമൂഹത്തിനുണ്ട്: ഷെവ. വി.സി. സെബാസ്റ്റ്യന്‍

സ്വന്തം ലേഖകന്‍ 15-11-2018 - Thursday

ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും എതിരേ വെല്ലുവിളികളും അവഹേളനങ്ങളും വിവിധ കോണുകളില്‍നിന്ന് ഉയരുന്‌പോള്‍ സഭയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അല്‍മായ സമൂഹത്തിനുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. വിവിധ റീത്തുകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും വിശ്വാസി സമൂഹം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്നും സഭയുടെ അല്മായ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു.

കത്തോലിക്ക സഭയിലെ അല്മായ പങ്കാളിത്തം ഊര്‍ജസ്വലവും സജീവവുമാക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളും നിര്‍ദേശങ്ങളും അല്മായ സമൂഹം കൂടുതല്‍ വിഷയമാക്കുവാന്‍ ലെയ്റ്റി കൗണ്‍സില്‍ അവസരമൊരുക്കും. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ ചേര്‍ന്ന കുടുംബക്കൂട്ടായ്മകള്‍ മുതല്‍ ദേശീയതലം വരെയുള്ള അല്മായ ശാക്തീകരണ പരിപാടികള്‍ക്ക് ലെയ്റ്റി കൗണ്‍സില്‍ നേതൃത്വം കൊടുക്കും. ഭാരത കത്തോലിക്ക സഭയിലെ 174 രൂപതകളിലും ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്ന അല്മായ സംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും നാഷണല്‍ കാത്തലിക് ലെയ്റ്റി ടീം രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.