News - 2024

യുപിയില്‍ അഗതിമന്ദിരം നടത്തുന്ന വൈദികന് ക്രൂര മര്‍ദ്ദനം

സ്വന്തം ലേഖകന്‍ 15-11-2018 - Thursday

വരാണസി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍പ്പെട്ട മുഹമ്മദാബാദില്‍ അഗതിമന്ദിരം നടത്തുന്ന വൈദികന് ക്രൂര മര്‍ദ്ദനം. വരാണസി രൂപതാംഗവും മംഗളൂരു സ്വദേശിയുമായ ഫാ. വിനീത് പെരേര എന്ന വൈദികനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയില്‍പ്പെട്ട അക്രമിസംഘം അഗതിമന്ദിരത്തില്‍ അതിക്രമിച്ചുകയറി ഫാ. വിനീതിനെയും സഹായി റുഡോള്‍ഫിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദിച്ചവശനാക്കിയശേഷം ഫാ.വിനീതിനെ വലിച്ചിഴച്ച് സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വരാണസിയില്‍നിന്നുള്ള വൈദികര്‍ മുഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. മാവു ജില്ലയിലെ വിവിധയിടങ്ങളില്‍ പെന്തക്കോസ്ത് ആരാധനാലയങ്ങള്‍ക്കുനേരേ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം ആക്രമണം നടത്തിയിരുന്നു.

ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഇന്ത്യയില്‍ രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ അന്‍പതോളം ആക്രമണമാണ് ഉത്തർപ്രദേശിൽ നടന്നത്. ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണം പതിവായെങ്കിലും യോഗിയുടെ കീഴിലുള്ള ബി‌ജെ‌പി ഭരണകൂടം നിശബ്ദത തുടരുകയാണ്.

More Archives >>

Page 1 of 386