India - 2024

ധാര്‍മ്മികത വെടിഞ്ഞ കോടതി വിധികള്‍ പുനഃപരിശോധിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 15-11-2018 - Thursday

ചങ്ങനാശേരി: സ്വര്‍ഗ തുല്യമാകേണ്ട കുടുംബങ്ങളിലെ ധാര്‍മികത തകര്‍ത്ത് സമൂഹത്തെ സര്‍വനാശത്തിലേക്ക് എത്തിക്കുന്ന കോടതിവിധികള്‍ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. തൃക്കൊടിത്തനം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അതിരൂപത പഞ്ചവത്സര അജപാലന പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ച അല്മായ നേതൃത്വ സംഗമം ജാഗ്രതാ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ അസൂയയോടെ നോക്കിയിരുന്ന കരുതലും പങ്കുവെയ്ക്കലും കൂട്ടുത്തരവാദിത്വവും സ്‌നേഹവുമുള്ള ഭാരതത്തിലെ കുടുംബങ്ങളുടെ മൂല്യവും ധാര്‍മികതയും പുതിയ കോടതി വിധികളിലൂടെ തകര്‍ക്കപ്പെടാനിടയുണ്ടെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

ഫൊറോന വികാരി റവ. ഫാ. വര്‍ഗ്ഗീസ് കാലായില്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ പിആര്‍ഒ ജോജി ചിറയില്‍, റവ. ഡോ .ടോം കൈനിക്കര എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി ഡെന്നീസ് ജോസഫ്, സിസ്റ്റര്‍ റോസ്മിന്‍ സിഎംസി, സിബിച്ചന്‍ മുക്കാടന്‍, ജോഷി കൊല്ലാപുരം, റോസമ്മ ജോസ് മാറാട്ടുകുളം, പി.എ മാത്യു മറ്റത്തില്‍, തോമസുകുട്ടി കോലേട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »