News - 2024

ആസിയക്ക് അഭയം നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം നേതൃത്വം രംഗത്ത്

സ്വന്തം ലേഖകന്‍ 16-11-2018 - Friday

ലണ്ടന്‍: പാക്കിസ്ഥാനിലെ മുസ്ലീം മതമൗലീകവാദികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‍ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയാ ബീബിക്ക് ബ്രിട്ടീഷ് ഭരണകൂടം അഭയം നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം ഇമാമുകള്‍ ഹോം സെക്രട്ടറിക്ക് കത്തയച്ചു. ബ്രിട്ടണിലെ ഉന്നത മുസ്ലീം നേതാക്കളായ ക്വാരി അസീം, മാമദൌ ബോക്കൌം, ഡോ. ഉസാമ ഹസ്സന്‍ എന്നീ ഇമാമുകളാണ് ആസിയ ബീബിക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചിരിക്കുന്നത്.

ആസിയ ബീബിയെയും, കുടുംബത്തെയും സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈകൊള്ളുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും, അതിനെ ജാതി-മത ഭേതമന്യേ ബ്രിട്ടണിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നും, പാര്‍ലമെന്റംഗങ്ങള്‍ കൂടി ഒപ്പിട്ടിരിക്കുന്ന കത്തില്‍ പറയുന്നു. ഇതിനെതിരെ ഉയരുന്ന അസഹിഷ്ണുതാപരമായ സ്വരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും കത്തിലുണ്ട്. ബ്രിട്ടണില്‍ അഭയം നല്‍കണമെന്ന ആസിയാ ബീബിയുടെ അപേക്ഷ ബ്രിട്ടീഷ് അധികാരികള്‍ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീം ഇമാമുകള്‍ കത്തയച്ചത്.

തങ്ങളുടെ എംബസികളും, പൗരന്മാരും ആക്രമിക്കപ്പെടുമെന്ന ചിന്തയാണ് ആസിയ ബീബിക്ക് അഭയം നല്‍കുന്നതില്‍ നിന്നും ബ്രിട്ടനെ പിന്തിരിപ്പിക്കുന്നതെന്നാണ് ബ്രിട്ടീഷ്-പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ പ്രതിനിധിയായ വില്‍സണ്‍ ചൗധരി പറയുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ മഹത്തായ ചരിത്രമുള്ള ബ്രിട്ടണെപ്പോലെയുള്ള ഒരു രാഷ്ട്രം ആസിയ ബീബിയുടെ കാര്യത്തില്‍ മടിക്കുന്നത് അപമാനകരമാണെന്നും, ബ്രിട്ടണ്‍ അഭയം നല്‍കുന്നില്ലെങ്കിലും, മറ്റ് ചില രാഷ്ട്രങ്ങള്‍ ആസിയാ ബീബിയെ സഹായിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.


Related Articles »