News

ഫ്രാന്‍സിസ് പാപ്പക്ക് ഇസ്രായേല്‍ പ്രസിഡന്റിന്റെ നന്ദി പ്രകാശനം

സ്വന്തം ലേഖകന്‍ 17-11-2018 - Saturday

വത്തിക്കാന്‍ സിറ്റി: യഹൂദ വിരുദ്ധതക്കെതിരായ പോരാട്ടത്തെ പിന്തുണച്ചതിന് ലോകം മുഴുവനുമുള്ള യഹൂദര്‍ക്ക് വേണ്ടി മാര്‍പാപ്പക്കു നന്ദി പ്രകാശിപ്പിച്ചു ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ സിറ്റിയിലെ അപ്പസ്തോലിക മന്ദിരത്തില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലായിരുന്നു നന്ദി പ്രകാശനം. മാര്‍പാപ്പയുടെ ക്ഷണപ്രകാരമാണ് അദ്ദേഹവും കുടുംബവും വത്തിക്കാനിലെത്തിയത്. ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ യഹൂദവിരുദ്ധതയെ പൂര്‍ണ്ണമായി അപലപിച്ചതും, യഹൂദവിരുദ്ധത ക്രൈസ്തവ വിരുദ്ധത തന്നെയാണെന്ന് പ്രഖ്യാപിച്ചതും യഹൂദവിരുദ്ധതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിലെ സുപ്രധാന നടപടികളിലൊന്നാണെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് പറഞ്ഞത്.

ജെറുസലേമിലെ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുക്കള്‍ക്ക് മേല്‍ നികുതിയേര്‍പ്പെടുത്തുവാനുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആരാധനാലയങ്ങളില്‍ ആരാധന നടത്തുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇസ്രായേല്‍ നല്‍കുന്നുണ്ടെന്ന ഉറപ്പും റിവ്ലിന്‍ നല്‍കി. ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ചും, ജെറുസലേം നഗരത്തിന്റെ ബഹുസ്വരത സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ പ്രസിഡന്റിനും ഭാര്യ നെചാമക്കും ഹാര്‍ദ്ദവമായ സ്വീകരണമാണ് വത്തിക്കാന്‍ നല്‍കിയത്. ഫ്രാന്‍സിസ് പാപ്പയും റിവ്ലിനും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്‌. 2015-ലായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച.

More Archives >>

Page 1 of 386