News - 2024

കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 17-11-2018 - Saturday

നെയ്റോബി: കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികൻ ദക്ഷിണ സുഡാനില്‍ കൊല്ലപ്പെട്ടു. നവംബർ പതിനാലിന് ആയുധധാരികളായ അക്രമികള്‍ നടത്തിയ അക്രമത്തില്‍ ഫാ. വിക്ടർ ലൂക്ക് ഒദിയാമ്പോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ഗോക്ക് സംസ്ഥാനത്തിലെ ജെസ്യൂട്ട് സമൂഹത്തിന്റെ ക്വയിബറ്റ് ആശ്രമത്തില്‍ എത്തിയ അജ്ഞാതരായ തോക്ക്ധാരികൾ വൈദികനെ കടന്നാക്രമിക്കുകയായിരിന്നു. വൈദികന്റെ നിര്യാണത്തിൽ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് സംസ്ഥാന ഭരണകൂടം നിർദേശം നല്കിയിരിക്കുകയാണ്. ഇതിനിടെ അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ഗോക്ക് സംസ്ഥാന വിവരാവകാശ മന്ത്രി ജോൺ മഡോൾ പറഞ്ഞു.

1956 ൽ ജനിച്ച ഫാ. വിക്ടർ 1978- ജസ്യൂട്ട് സഭയില്‍ അംഗമായി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പുരോഹിതനായി അഭിഷിക്തനായ അദ്ദേഹമായിരിന്നു കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികന്‍. തെക്കൻ സുഡാനിലെ മസോലരി ടീച്ചേഴ്‌സ് കോളേജ് പ്രിൻസിപ്പലായും ക്വയിബറ്റ് ആശ്രമത്തിന്റെ വൈസ് സ്പീരിയറായും പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഫാ. വിക്ടറിന്റെ വിയോഗം വേദനാജനകമാണെന്ന് ജസ്യൂട്ട് തലവന്‍ ഫാ. ആർതുറോ സോസ അനുസ്മരണ കുറിപ്പിൽ കുറിച്ചു. കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികൻ എന്നതിനേക്കാൾ കെനിയൻ നെയ്റോബി ബോയ്സ് സെൻറർ, ടാൻസാനിയ ദാർ - ഇസ് - സലാം ലയോള ഹൈസ്കൂൾ എന്നിവിടങ്ങിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അദ്ധ്യാപകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുകയെന്നും ഫാ. സോസ പറഞ്ഞു.

ദൈവത്തിന്റെ ഹിതം മനസ്സിലാക്കി അജ്ഞാതമായ ഏതു സ്ഥലത്തും പുതിയ ഉദ്യമങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ സേവനം സൊസൈറ്റി ഓഫ് ജീസസ് സഭാംഗങ്ങൾക്ക് മാതൃകയാണ്. തന്റെ വിളി ഏറ്റെടുത്ത് ദൈവമക്കൾക്കായി ജീവിതം മാറ്റിവച്ച ഫാ. ഒദിയാമ്പോയെ ദൈവം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നും അദ്ദേഹത്തെ ആക്രമിച്ചവർക്ക് മാനസാന്തരം ഉണ്ടാകട്ടെയെന്നും ഫാ. സോസ അനുസ്മരണ കുറിപ്പില്‍ രേഖപ്പെടുത്തി.

More Archives >>

Page 1 of 386