News - 2024

അഭയാർത്ഥികൾക്കായി മെക്സിക്കോയിൽ വാതില്‍ തുറന്ന് ഗ്വാഡലൂപ്പ ദേവാലയം

സ്വന്തം ലേഖകന്‍ 18-11-2018 - Sunday

മെക്സിക്കോ സിറ്റി: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പ മാതാവിന്റെ ദേവാലയം അഭയാർത്ഥികൾക്കായി തുറന്നുനല്‍കി. തൊഴിലില്ലായ്മയും, പട്ടിണിയും മൂലം മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മെക്സിക്കോയുടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് മെക്സിക്കോ സിറ്റിയിൽ എത്തിയ അഭയാർത്ഥികൾക്കായാണ് ദേവാലയം തുറന്നു നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് മെക്സിക്കോയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ദേവാലയം. ആയിരത്തോളം അഭയാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുളളിൽ മെക്സിക്കോ സിറ്റിയിൽ എത്തിചേർന്നത്. കൂട്ടമായുളള ദീർഘ യാത്രയിൽ രാജ്യത്തുളള ദേവാലയങ്ങളാണ് അഭയാർത്ഥികളുടെ വിശ്രമ കേന്ദ്രങ്ങൾ.

മെക്സിക്കോയിലൂടെ യാത്ര ചെയ്യുന്നത് അപകടം നിറഞ്ഞ ഒരു കാര്യമായതിനാലാണ് ആളുകൾ കൂട്ടമായി ചേർന്ന് യാത്ര ചെയ്യുന്നത്. മധ്യ അമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ് പ്രധാനമായും അമേരിക്കയിൽ പ്രവേശിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് പലായനം ചെയ്യുന്നത്. തങ്ങളെ സഹായിക്കുന്ന കത്തോലിക്ക സഭക്കു നന്ദി പ്രകാശിപ്പിക്കുകയാണ് അഭയാർത്ഥികൾ. ഇവരെ സഹായിക്കാൻ കത്തോലിക്ക സംഘടനയായ കാരിത്താസ് മെക്സിക്കോ വിഭാഗവും സദാസമയവും രംഗത്തുണ്ട്.


Related Articles »