News - 2024

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വൈദികര്‍ക്കും മിഷന്നറിമാര്‍ക്കുമുള്ള സൗജന്യ NHS ചികിത്സ ബ്രിട്ടണ്‍ നിറുത്തലാക്കുന്നു.

10-07-2015 - Friday

പുതുതായി അവതരിപ്പിച്ച നിയമ ഭേദഗതിയില്‍, ബ്രിട്ടീഷ് പൗരത്വമുള്ള വൈദികരും മിഷന്നറിമാരും വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവര്‍ സന്ദര്‍ശനത്തിനായി UK യില്‍ തിരിച്ചെത്തുമ്പോള്‍ സൗജന്യ NHS ചികിത്സ ലഭിക്കില്ല.

ഗവണ്‍മെന്‍റിന്‍റെ ചിലവു ചുരുക്കലിന്‍റെ ഭാഗമായി പുതുതായി പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച് സൗജന്യ NHS ചികിത്സ ലഭിക്കില്ല എന്നുമാത്രമല്ല, ആവശ്യമെങ്കില്‍ ഗണ്യമായ ഒരു തുകയും അടക്കേണ്ടതായി വരും. NHS സൗജന്യ ചികിത്സ ഇവിടെ നിയമപരമായി താമസിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ UK യില്‍ Tax അടക്കാത്തതിനാല്‍ ചികില്‍സ ആവശ്യമായി വന്നാല്‍ പണം കൊടുക്കേണ്ടതായി വരും. ഇതുവരെ വൈദികരും മിഷന്നറിമാരും ഈ നിയമത്തില്‍ കീഴില്‍ പെട്ടിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ നിയമം അവര്‍ക്കും ബാധകമാണെന്ന് NHS പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പുതിയ നിയമപ്രകാരം ഒരു ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് 7000 പൗണ്ട് തുക ചിലവാകും. അങ്ങനെ വര്‍ഷത്തില്‍ 500 മില്യന്‍ പൗണ്ട് ഈയിനത്തില്‍ വരുമാനമുണ്ടാകുമെന്ന് NHS പ്രതീക്ഷിക്കുന്നു. നിലവില്‍ ഈ ഭേദഗതി ഇംഗ്ലണ്ടില്‍ മാത്രമായിരിക്കും ബാധകമാവുക. എന്നാല്‍ ഭാവിയില്‍ UK മുഴുവനും ഈ ഭേദഗതി ബാധകമാകും.

ഗവണ്‍മെന്‍റില്‍ നിന്നും നേരിട്ട് അല്ലാതെ വിദേശത്ത് താല്‍ക്കാലികമായി നിയമിക്കപ്പെട്ട മിഷന്നറിമാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ വക്താവ് സ്ഥിതീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സിലേക്കുള്ള സംഭാവനകള്‍ NHS ന്‍റെ സൗജന്യ ചികിത്സക്ക് ബാധകമല്ല എന്നും അദ്ദേഹം പ്രസ്താവിച്ചു.

അതേ സമയം Conference of Religious of England and Wales ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും തങ്ങളുടെ എല്ലാ അംഗങ്ങളോടും അവരുടെ എം.പി.മാര്‍ക്ക് കത്തുകളയക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

UK യിലെ ഏറ്റവും വലിയ Evangelical സംഘടനയായ Global Connections-ന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായ Martin Lee ഈ മാറ്റങ്ങളോടുള്ള തന്‍റെ ആശങ്ക പ്രകടിപ്പിച്ചു. "ഈ മാറ്റങ്ങള്‍ തങ്ങളുടെ വിദേശത്തുള്ള സഹ പ്രവര്‍ത്തകരെ ബാധിക്കുമെന്ന് സഭയും മറ്റു മിഷന്നറി സംഘടനകളും ബോധവാന്‍മാരായിരിക്കണം. ഈ മാറ്റങ്ങള്‍ ഒരിക്കലും നമ്മുടെ ആവേശം തണുപ്പിക്കുകയോ ക്രിസ്തീയ സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നതിന്‍റെ ശക്തി ക്ഷയിപ്പിക്കുകയോ അരുത്" അദ്ദേഹം പറഞ്ഞു.