India - 2024

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഒരുക്കമായുള്ള വിളംബര സമ്മേളനം

സ്വന്തം ലേഖകന്‍ 19-11-2018 - Monday

കുറവിലങ്ങാട്: കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന കൂടുംബകൂട്ടായ്മ വിളംബരങ്ങളില്‍ 29 എണ്ണം പൂര്‍ത്തീകരിച്ചു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ഇടവകയിലെ മുവായിരത്തി ഒരുന്നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ച് 81 വിളംബര കൂട്ടായ്മകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് 29 വിളംബര സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നവംബര്‍ ഒന്നിന് ആരംഭിച്ച വിളംബര കൂട്ടായ്മകള്‍ ഡിസംബര്‍ 31 ന് സമാപിക്കുംവിധമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇടവകയൊന്നാകെ നസ്രാണി മഹാസംഗമത്തിന്റെ പ്രചാരകരാകുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ വിളംബരങ്ങള്‍ നടത്തുന്നത്. 25 മുതല്‍ 60 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് വിളംബര കൂട്ടായ്മകള്‍ നടത്തുന്നത്.

വീടുകളോടു ചേര്‍ന്ന് നടത്തുന്ന സമ്മേളനങ്ങള്‍ ഗ്രാമങ്ങള്‍ക്ക് വലിയ ആവേശമായി മാറിയിട്ടുണ്ട്. പ്രാര്‍ഥന, സ്‌നേഹവിരുന്ന്, സമ്മേളനം, കലാപരിപാടികള്‍ എന്നിവ വിളംബര കൂട്ടായ്മയുടെ ഭാഗമായി നടക്കുന്നു. എല്ലാ കൂട്ടായ്മകളിലും ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സന്ദേശം നല്‍കും. 2019 സെപ്റ്റംബര്‍ ഒന്നിനാണ് നസ്രാണി മഹാസംഗമം. 19 നൂറ്റാണ്ടായി തുടരുന്ന അണമുറിയാത്ത ക്രൈസ്‌തവ പാരമ്പര്യമുള്ള സ്‌ഥലം ആതിഥ്യമരുളുന്ന സംഗമമെന്നനിലയില്‍ ഇതു രാജ്യാന്തരസമ്മേളനമായി മാറും. മലബാറും ഹൈറേഞ്ചും ഉള്‍പ്പെടെ ഇടവകയില്‍നിന്ന്‌ വിവിധ സ്‌ഥലങ്ങളിലേക്കും സംസ്‌ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറിയവരെയും താമസം മാറ്റിയവരെയും സംഗമത്തിലെത്തിക്കാന്‍ ശ്രമിക്കും.

സംഗമത്തിന്‌ മുന്നോടിയായി 2019 ഓഗസ്‌റ്റില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തും. സീനിയര്‍ സഹ വികാരി ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. തോമസ്‌ കുറ്റിക്കാട്ട്‌, ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായിപ്പള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ്‌ നിരവത്ത്‌, ദേവമാതാ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, കൈക്കാരന്മാര്‍, യോഗപ്രതിനിധികള്‍, കുടുംബകൂട്ടായ്‌മാ ഭാരവാഹികള്‍, പ്രമോഷന്‍ കൗണ്‍സിലംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഗമത്തിന്‌ ഒരുക്കമാരംഭിച്ചിട്ടുള്ളത്‌.


Related Articles »