Faith And Reason - 2024

പ്രകൃതിക്ഷോഭം നേരിട്ട ഫിലിപ്പീൻസ് ജനതക്ക് കത്തോലിക്ക സഭ കൈമാറിയത് മുപ്പതിനായിരം ഭവനങ്ങൾ

സ്വന്തം ലേഖകന്‍ 19-11-2018 - Monday

മനില: ഫിലിപ്പീന്‍സില്‍ വന്‍നാശം വിതച്ച യൊലാണ്ട ചുഴലിക്കാറ്റിൽ ഭവനരഹിതരായവർക്ക് കത്തോലിക്ക സഭ നിര്‍മ്മിച്ചു നല്‍കിയത് മുപ്പതിനായിരത്തിലധികം ഭവനങ്ങൾ. കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ നേതൃത്വത്തിലാണ് ദുരന്തബാധിതര്‍ക്ക് പുതുജീവിതം സമ്മാനിച്ചത്. 2013-ൽ ലെയ്തെ ദ്വീപിൽ നടന്ന പ്രകൃതിക്ഷോഭത്തിൽ മുപ്പത്തിയഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ദുരന്തം നേരിട്ടത്. രാജ്യത്തെ നടുക്കിയ ചുഴലിക്കാറ്റിൽ ആറായിരം പേർ മരണമടയുകയും മുപ്പതിനായിരം പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

2014-ൽ കത്തോലിക്ക സഭ ആരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പാര്‍പ്പിടം, വരുമാന മാർഗ്ഗം, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നത്. പ്രാദേശിക രൂപതകളുമായി സഹകരിച്ച് പതിനാല് ലക്ഷത്തോളം ഫിലിപ്പീന്‍ ജനതയ്ക്ക് സഹായമെത്തിക്കുവാന്‍ കാരിത്താസിന് സാധിച്ചു. ലെയ്തെ, സമർ, പലവാൻ, സെബു, ഇലോയിലോ, അക്ലൻ, കപീസ്, ആന്‍റിക് എന്നീ പ്രദേശങ്ങളിലാണ് സഭയുടെ ഭവന നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

ഫിലിപ്പീന്‍സ് ജനതയുടെ ഇതര ആവശ്യങ്ങൾക്കായി അറുപത്തിയൊന്ന് ദശലക്ഷം യുഎസ് ഡോളറാണ് കത്തോലിക്ക സഭ ഇതുവരെ ചിലവഴിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളായ കത്തോലിക്ക റിലീഫ് സർവീസ്, കാരിത്താസ്- സ്വിറ്റ്സർലൻറ്, ഇറ്റലി, ബൽജിയം, ജർമ്മനി, ഓസ്ട്രിയ, തുടങ്ങിയവയുടെ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിന് കാരണമായി. ദുരന്ത ബാധിത പ്രദേശങ്ങൾ 2015 ൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിരുന്നു.

More Archives >>

Page 1 of 5