News - 2024

പാക്കിസ്ഥാനിൽ ക്രൈസ്തവർ ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 21-11-2018 - Wednesday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ഥാപനങ്ങളിൽ തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന്‍ പോലീസ് മുന്നറിയിപ്പ്. ആസിയ ബീബിയുടെ മോചന വിധിയിൽ കലാപത്തിന് തിരി കൊളുത്തിയ തീവ്രവാദികളുടെ നീക്കത്തില്‍ ക്രൈസ്തവര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നാണ് ലാഹോർ പോലീസ് കാര്യാലയം പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. തെഹരിക്-ഇ-താലിബാൻ , ജമാത്ത് -ഉൽ-അഹറാർ എന്നീ സംഘടനകളാണ് ക്രൈസ്തവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ദൈവനിന്ദ അരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രൈസ്തവ യുവതി ആസിയ ബീബിയെ വെറുതെവിട്ടതാണ് തീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ജാഗ്രത പുലർത്തണമെന്നും പുതിയ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

നഗര പ്രദേശങ്ങളിലെ ദേവാലയങ്ങൾക്ക് പോലീസ് സംരക്ഷണം ഒരുക്കുമെന്ന് അറിയിച്ചതായി ആംഗ്ലിക്കൻ സുവിശേഷ പ്രഘോഷകൻ ഹംഫ്രി പീറ്റേഴ്സ് പറഞ്ഞു. ആശങ്കാജനകമായ നിമിഷങ്ങളിലൂടെയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവർ കടന്നു പോകുന്നതെന്നും പോലീസ് സംരക്ഷണത്തിൽ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങളിലും കൂട്ടായ്മകളിലും ക്രൈസ്തവർ അതീവ ജാഗ്രത കാണിക്കണമെന്ന് ജീസസ് ലൈഫ് ടി വി വൈസ് പ്രസിഡന്‍റും കത്തോലിക്ക വിശ്വാസിയുമായ അദീൽ പത്രാസ് ചൗധരി ഓർമ്മപ്പെടുത്തി. വിശ്വാസികളുടെ സുരക്ഷിതത്വത്തിനും അവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിഷ്കളങ്കയായ ആസിയ ബീബിയെ കുറ്റ വിമുക്തയാക്കിയ സുപ്രീം കോടതി വിധി അഭിനന്ദാർഹമാണെന്ന് കത്തോലിക്ക എപ്പിസ്കോപ്പൽ സമിതിയുടെ സമൂഹ്യ വാർത്ത വിനിമയ കമ്മിഷൻ സെക്രട്ടറി ഫാ.കൈസർ ഫെറോസ് വിശദീകരിച്ചു. ആസിയ ബീബിയ്ക്ക് സമാധാനപരമായ ജീവിതം നയിക്കാൻ കഴിയണം. ക്രൈസ്തവർക്ക് എന്നതിനേക്കാൾ രാജ്യത്തെ പൗരന് നീതി ലഭിച്ചതിൽ ജനങ്ങൾ, സന്തോഷിക്കണമെന്നും പാക്കിസ്ഥാനിലെ നീതിന്യായ വ്യവസ്ഥിതി ബഹുമാനിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷാഭീഷണിയെ തുടര്‍ന്നു ആസിയ ഇപ്പോഴും രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ്.


Related Articles »