India - 2024

ദുരിതബാധിതരെ സഹായിക്കാന്‍ രൂപത കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 22-11-2018 - Thursday

പാലാ: സമൂഹത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന പാലാ രൂപത കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പാസ്റ്ററല്‍ പ്രസ്ബിറ്ററല്‍ കൌണ്‍സിലുകളുടെ സുവര്‍ണ ജൂബിലി സമാപനത്തോടും രൂപതയുടെ പ്രഥ മമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 32ാം ചരമ വാര്‍ഷിക ദിനാചരണത്തോടും അനുബന്ധിച്ച് ഇന്നലെ പാലാ കത്തീഡ്രലില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആതുര, സേവന മേഖലകളില്‍ കൂടുതല്‍ സഹായം നല്‍കാനും ഭവനരഹിതര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കാനും അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനും രൂപതാംഗങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സമ്മേളനത്തിനു മുന്നോടിയായി സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടന്നു. വിശുദ്ധ കുര്‍ബാന മധ്യേ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുസ്മരണ പ്രസംഗം നടത്തി. യോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയുടെ ചരിത്രപുസ്തകം ഡോ. സിറിയക് തോമസിനു നല്കി പ്രകാശനം ചെയ്തു. പരിഷ്‌കരിച്ച രൂപത നിയമാവലി മാര്‍ ജോസഫ് പള്ളിക്കാപറന്പിലിനു നല്കിുയാണ് പ്രകാശനം ചെയ്തത്. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡോ. സാബു ഡി. മാത്യു, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ രൂപതാചരിത്രം, രൂപതാനിയമാവലി എന്നിവയെപ്പറ്റി വിശദീകരിച്ചു. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ അടക്കം നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »