India - 2024
സമൂഹത്തിലെ മൂല്യച്യുതികളെ തിരിച്ചറിയാന്‍ അമ്മമാര്‍ക്കു കഴിയണം
സ്വന്തം ലേഖകന്‍ 22-11-2018 - Thursday
കൊച്ചി: സമൂഹത്തിലെ അപചയങ്ങളെയും മൂല്യച്യുതികളെയും തിരിച്ചറിയാന്‍ അമ്മമാര്‍ക്കു കഴിയേണ്ടതുണ്ടെന്നും ക്രിസ്തീയ വഴികളിലൂടെ മുന്നേറുന്ന സ്ത്രീശക്തി രൂപപ്പെടുത്താന്‍ മാതൃവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുമെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സീറോ മലബാര്‍ മാതൃവേദിയുടെ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ, ധാര്‍മിക, കാരുണ്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കുടുംബത്തിലും സഭയിലും സമൂഹത്തിലും വഴികാട്ടികളാകാന്‍ അമ്മമാര്‍ക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
17 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് ക്ലാസ് നയിച്ചു. ധാര്‍മികതയ്ക്കു ഭീഷണിയാവുന്ന ശക്തികളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ നമുക്കു സാധിക്കണമെന്ന് മാതൃവേദി ബിഷപ്പ് ഡലഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ പറഞ്ഞു. മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഗ്ലാഡിസ്, ജനറല്‍ സെക്രട്ടറി റോസ്ലി തട്ടില്‍, വൈസ് പ്രസിഡന്റ് സിജി ലൂക്‌സണ്‍, ജോയിന്റ് സെക്രട്ടറി ജോസി മാക്‌സിന്‍, തൃശൂര്‍ അതിരൂപത പ്രസിഡന്റ് ബീന ജോഷി എന്നിവര്‍ പ്രസംഗിച്ചു.