News - 2024

സുവിശേഷവത്ക്കരണം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന്: റുവാണ്ടയുടെ പുതിയ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 22-11-2018 - Thursday

റുവാണ്ട: വിവാഹമോചനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുവിശേഷവല്‍ക്കരണം കുടുംബങ്ങളില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്നു റുവാണ്ടയുടെ പുതിയ മെത്രാപ്പോലീത്ത മോണ്‍. അന്റോയിനെ കംബാന്‍ഡ. റുവാണ്ടന്‍ ദിനപത്രമായ ‘ദി ന്യൂ ടൈംസ്’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ, ശക്തവും, സൗഹാര്‍ദ്ദപരവുമായ കുടുംബങ്ങളെ വളര്‍ത്തിയെടുക്കുക എന്നതായിരിക്കും പുതിയ മെത്രാപ്പോലീത്ത എന്ന നിലയില്‍ തന്റെ സുവിശേഷവേലയുടെ കേന്ദ്രബിന്ദുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബങ്ങള്‍ക്ക് വേണ്ട സഹിഷ്ണുതയെക്കുറിച്ചും, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. എല്ലാവരും തങ്ങളുടെ ജീവിതം സമൃദ്ധിയോടും, പൂര്‍ണ്ണതയോടും ജീവിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നും, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന സുവിശേഷവേലയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് മോണ്‍. കംബാന്‍ഡയെ കിഗാലിയുടെ പുതിയ മെത്രാപ്പോലീത്തയാക്കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനം പുറത്തുവന്നത്.

മോണ്‍. താഡീ നിതിന്‍യുര്‍വാ വിരമിച്ചതിനെ തുടര്‍ന്നാണ്‌ മോണ്‍. കംബാന്‍ഡ കിഗാലിയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നുമാണ് മോണ്‍. കംബാന്‍ഡ കിഗാലിയിലെ വൈദികനായി പൗരോഹിത്യപട്ടം സ്വീകരിച്ചത്. റുവാണ്ടയിലെ 10 രൂപതകളുടെ മേല്‍നോട്ടം ഇനി കംബാന്‍ഡ മെത്രാപ്പോലീത്തക്കായിരിക്കും. തലസ്ഥാന നഗരമായ കിഗാലി ഉള്‍പ്പെടുന്ന അതിരൂപതയുടെ തലവനും അദ്ദേഹം തന്നെയായിരിക്കും.


Related Articles »