News - 2024

നാസി കൂട്ടകൊലയിൽ നിന്നും യഹൂദരെ സംരക്ഷിച്ച സന്യാസിനി 110ാം വയസ്സിൽ വിടവാങ്ങി

സ്വന്തം ലേഖകന്‍ 22-11-2018 - Thursday

ക്രാക്കോ: യഹൂദ മതസ്ഥരെ നാസികൾ നടത്തിയ കൂട്ടക്കൊലയിൽ നിന്നും രക്ഷിച്ച പോളിഷ് സന്യാസിനി സിസിലിയ മരിയ തന്റെ നൂറ്റിപത്താം വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ സിസിലിയ മരിയ ലോകത്തെ ഏറ്റവും പ്രായമുള്ള സന്യാസിനിയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രാക്കോ അതിരൂപതയാണ് മരണ വിവരം പുറത്തു വിട്ടത്.

പോളണ്ടിലെ കീൽസിവോ നഗരത്തിലാണ് സിസ്റ്റർ സിസിലിയ മരിയ ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം സിസിലിയ തന്റെ ഇരുപത്തിഒന്നാമത്തെ വയസ്സിൽ ക്രാക്കോയിലുളള ഡൊമിനിക്കൻ സന്യാസിനി മഠത്തിൽ ചേർന്നു. 1938-ൽ സിസ്റ്റർ സിസിലിയയും ഏതാനും ചില സന്യാസിനികളും കൂടി അന്നു പോളണ്ടിന്റെ ഭാഗമായിരുന്ന വിൽനിയൂസ് എന്ന സ്ഥലത്ത് എത്തി. സോവിയറ്റ് ഭരണത്തിനു കീഴിലായിരുന്ന പ്രദേശം പിന്നീട് ഭരിച്ചിരുന്നത് നാസികളായിരുന്നു. ഈ സമയം സിസ്റ്റർ സിസിലിയയും, സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ബെർട്രാൻഡയും മറ്റ് സന്ന്യാസിനികളും പതിനേഴ് യഹൂദരെയാണ് തങ്ങളുടെ ജീവൻ പണയം വച്ച് മഠത്തിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്.

നാസികൾക്കെതിരെ പോരാട്ടം നടത്തിയിരുന്ന യഹൂദരും സന്യാസിനികളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ മഠം ഉപേക്ഷിച്ച് നാസികൾക്കെതിരെ കൂടുതൽ കടുത്ത പോരാട്ടത്തിനായി പോയി. 1984-ൽ യഹൂദരെ നാസികളുടെ കൂട്ടകൊലയിൽ നിന്നും രക്ഷിക്കാൻ സഹായിച്ച യഹൂദരല്ലാത്തവർക്കുളള "റെറ്റസ് എമേങ് നേഷൻ" അവാർഡ് സിസ്റ്റർ സിസിലിയയും, സിസ്റ്റർ ബെർട്രാൻഡയ്ക്കും മറ്റ് സന്ന്യാസിനികൾക്കും ലഭിച്ചു. 2018 മാർച്ച് ഇരുപത്തിയഞ്ചാം തീയതി സിസ്റ്റർ സിസിലിയയുടെ ജന്മദിന ആഘോഷങ്ങളിൽ ക്രാക്കോ ആർച്ച്ബിഷപ്പ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.


Related Articles »