News - 2024

ആസിയയെ തിരഞ്ഞ് ഭവനങ്ങളില്‍ പരിശോധനയുമായി തീവ്ര ഇസ്ലാമികവാദികൾ

സ്വന്തം ലേഖകന്‍ 23-11-2018 - Friday

ലാഹോര്‍: വ്യാജ മതനിന്ദ കേസിൽ നിന്നും പാക്കിസ്ഥാനിലെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയെയും കുടുംബാംഗങ്ങളെയും തിരഞ്ഞ് പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമികവാദികൾ ഭവനങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. ആസിയാ ബീബിയും കുടുംബാംഗങ്ങളും ഒളിവിലാണ് കഴിയുന്നതെങ്കിലും ഇസ്ലാമികവാദികളുടെ തിരച്ചിൽ മൂലം തുടർച്ചയായി പല സ്ഥലങ്ങളിലൂടെയും പലായനത്തിന് വഴിവെക്കുന്നതായാണ് സൂചന. ആസിയയുടെ കുടുംബം വളരെയധികം ഭയത്തിലാണ് ജീവിക്കുന്നതെന്ന്‍ അവര്‍ക്ക് സഹായം നൽകി വരുന്ന ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയിലെ അംഗമായ ജോൺ പൊന്തിഫിക്ക്സ് ദി ഗാർഡിയൻ പത്രത്തോട് പറഞ്ഞു.

കുടുംബാംഗങ്ങൾ അക്രമം ഭയന്ന് മുഖം മറച്ചാണ് പുറത്തിറങ്ങുന്നതെന്നും ഒാരോ ദിവസവും മുന്നോട്ട് കൊണ്ടു പോകാൻ അവരുടെ വിശ്വാസമാണ് അവരെ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് എട്ടു വര്‍ഷത്തെ തടവിന് ശേഷം ആസിയായെ പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. ഉത്തരവ് നല്‍കി ഒരാഴ്ചക്കു ശേഷമായിരിന്നു ആസിയ ജയില്‍ മോചിതയായത്. ഇതിനിടെ ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങുകയായിരിന്നു. ആസിയക്കു സംരക്ഷണം വാഗ്ദാനം ചെയ്തു വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും ഫലവത്തായില്ല. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും.


Related Articles »