News - 2024

യേശു ചരിത്ര പുരുഷനല്ലായെന്ന് പാക്ക് പ്രധാനമന്ത്രി; മറുപടിയുമായി ട്വിറ്റർ ലോകം

സ്വന്തം ലേഖകന്‍ 24-11-2018 - Saturday

ലാഹോര്‍: യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് ട്വിറ്റർ ലോകത്തു നിന്നും അനേകം പ്രതികരണങ്ങൾ ഉണ്ടായി. മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ ഒന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പരാമർശമാണ് ഇമ്രാൻ ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ ഒരു സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം.

എന്നാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് അനേകം ആളുകൾ രംഗത്ത് എത്തുകയായിരിന്നു. യേശുവിനെ ഖുറാനിൽ പോലും പല തവണ പരാമർശിച്ചിട്ടുന്ന് ചില ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയപ്പോള്‍ വാമൊഴിയായും, വരമൊഴിയായും ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട വ്യക്തി യേശു ക്രിസ്തുവാണെന്ന് സെനറ്റർ താഹിർ ഹുസെെൻ മഷ്ഹാദി ട്വിറ്ററിൽ കുറിച്ചു. ഇമ്രാന്‍ ഖാൻ നടത്തിയ പ്രസ്താവന പാക്കിസ്ഥാനിലെ ക്രെെസ്തവ ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്നതാണെന്നു കുറിച്ചവരും നിരവധിയാണ്. അതേസമയം പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന്‍ ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.


Related Articles »