Social Media - 2024

ക്രൈസ്തവരോടുള്ള സുനിൽ ഇളയിടത്തിന്റെ ചോദ്യത്തിന് ഒരു മറുപടി

ഫാ. ബിബിൻ മഠത്തിൽ 24-11-2018 - Saturday

“നിങ്ങൾ മതമായി കാണുന്നത്, ക്രൈസ്തവികതയായി നിങ്ങളിൽ പ്രവർത്തിക്കുന്നത് നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക, ശത്രുവിനെ സ്നേഹിക്കുക എന്ന ക്രിസ്തുമതത്തിന്റെ മൂല്യമാണോ അതോ ക്രിസ്തുമതത്തിന്റെ ആചാരമാണോ? ആചാരമാണെങ്കിൽ മറ്റേ ഫ്രാങ്കോയേയും ചുമക്കേണ്ടി വരും.” സുനിൽ പി. ഇളയിടത്തിന്റെ വാക്കുകളാണു ഇവ. “ചില അപ്രിയ സത്യങ്ങൾ. (ക്രിസ്ത്യാനികൾ കേൾക്കാൻ)“ എന്നു പറഞ്ഞു ലോജിക്കൽ ഇൻഡ്യൻ എന്ന പേജ് പബ്ലിഷ് ചെയ്ത ഇത് പലരും ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. കാര്യം സുനിൽ പി. ഇളയിടം അറിയപ്പെടുന്ന പ്രഭാഷകനൊക്കെ ആണ്. പക്ഷെ അദ്ദേഹത്തിന്റെ സിൻക്രട്ടിക്ക് ഫിലോസഫിയോട് പ്രത്യേകിച്ച് മമതയൊന്നും തോന്നിയിട്ടില്ലാത്തതിനാൽ അതിനെ എന്നും ക്രിട്ടിക്കൽ ആയി കണ്ടിട്ടുള്ളതുകൊണ്ട് ഈ വാചകത്തിലെ ചില തെറ്റുകളെ ഒന്നു സൂചിപ്പിക്കുവാണ്.

ഒന്നാമത്, നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കല്പനയ്ക്കു മുമ്പ്.... “എല്ലാത്തിലുമുപരിയായി ദൈവത്തെ സ്നേഹിക്കുക” എന്നൊരു കല്പന ക്രിസ്തു നൽകുന്നുണ്ട്. ക്രിസ്തുവിന്റെ ആ കല്പനയെ അംഗീകരിക്കാൻ ‘ആധൂനിക നവീകരണ ചിന്തകന്മാർക്ക്’ ബുദ്ധിമുട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അതു അംഗീകരിക്കാതെ നിങ്ങൾക്ക് ക്രൈസ്തവികതയെയൊ ക്രിസ്തുവിനെയൊ അംഗീകരിക്കാൻ കഴിയില്ല.

ഇനി മറ്റൊന്ന് – ഫ്രാങ്കോയെ ചുമക്കേണ്ടിവരുന്ന ‘ആചാരമൊന്നും’ ക്രിസ്തുമതത്തിലില്ല. ഇല്ലാത്ത ഒരു കാര്യം ഉദാഹരിക്കുന്നത് ഏതു ലോജിക്കൽ കറക്റ്റ്നസ് ആണെന്ന് അറിയില്ല. കയ്യടി കിട്ടാൻ ഉപകരിക്കും എന്നതിലുപരി തീർത്തും അനാവശ്യമായ ഒരു ഉദാഹരിക്കൽ!... ഇനി അഥവാ ‘ഫ്രാങ്കോയെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല” എന്നതാണു നിങ്ങളുടെ ചോദ്യമെങ്കിൽ, അതു ക്രിസ്തുമതത്തിന്റെ മൂല്യത്തിന്റെ ഭാഗമാണ്. “നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്നതിന്റെ അർത്ഥം പൂർണ്ണമായി മനസിലാക്കിയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരു ഉദാഹരണം നടത്തില്ലായിരുന്നു.

“നിങ്ങൾ വിധിക്കരുത്” എന്ന് പഠിപ്പിക്കുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്ന ക്രൈസ്തവർ ‘കുറ്റാരോപിതൻ” മാത്രമായ ഒരാളെ തള്ളിപ്പറയണം എന്നു പറയുമ്പോൾ അവനിൽ എന്തു സ്നേഹമാണുള്ളത്? എന്ന് കൂടി ചിന്തിക്കണം. അവസാനമായി, ആചാരം എന്നത് മൂല്യങ്ങളുടെ ബാഹ്യപ്രകടനമാണ്. ഏതെങ്കിലും സമൂഹത്തിന്റെ ആചാരം തെറ്റാണെന്നു വന്നാൽ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ തന്നെ കുറവുകളുണ്ടെന്നാണു അർത്ഥം.

ഇനി ഷെയർ ചെയ്ത എന്റെ കൂട്ടുകാരോട് --- തേനിൽ പൊതിഞ്ഞ പലതും നാം സോഷ്യൽ മീഡിയയിൽ കാണും. പക്ഷെ എന്തിനെയും നമ്മൂടെ യുക്തിക്ക് അനുസരിച്ച് ക്രിട്ടിസൈസ് ചെയ്യാൻ പഠിക്കുന്നിടത്താണു നമ്മിൽ സയന്റിഫിക്ക് റ്റെമ്പർ വളരുന്നത്.


Related Articles »